തൃശൂര്‍: രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ സ്ത്രീയെ ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി. ഇന്നു രാവിലെ 8.15നു ക്ഷേത്രം ഓഫിസിലെ ലാന്‍ഡ് ഫോണിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. ധീവരസഭ തീവ്ര ഗ്രൂപ്പില്‍പെട്ടയാളാണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനേജര്‍ ടി.വി.കൃഷ്ണദാസ് ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെയും പൊലീസിനെയും വിവരമറിയിച്ചു. എസിപി പി.എ.ശിവദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തൃശൂര്‍ ജില്ലാ ബോംബ് സ്ക്വാഡും പൊലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണു വിളി വന്നതെന്നു കണ്ടെത്തി. പ്രതിയെ പിടികൂടാന്‍ ഗുരുവായൂരില്‍നിന്നു പ്രത്യേകസംഘം ആലപ്പുഴയിലേക്കു തിരിച്ചു. ഇതിനുമുമ്ബും ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബു ഭീഷണി ഉണ്ടായിട്ടുണ്ട്. ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കി. ഭക്തര്‍ക്കു കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.