കണ്ണൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത സംരംഭമായ എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് എന്നിവയുടെ കേരളത്തിലെ പതിനൊന്നാമത്തെ കേന്ദ്രം കണ്ണൂര്‍ ജീല്ലാ ആശുപത്രിയില്‍ ആരംഭിച്ചു. ഇന്നലെ (17 ഒക്ടോബര്‍ തിങ്കളാഴ്ച) നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. വി. സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ജിക്കല്‍ ഇംപ്ലാന്റുകളും മരുന്നുകളും ശസ്ത്രക്രിയാ വസ്തുക്കള്‍, ഡിസ്‌പോസബിളുകള്‍, സ്‌റ്റെന്റുകള്‍, പേസ്‌മേക്കറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റു മെഡിക്കല്‍ ഉത്പ്പന്നങ്ങളും എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ് 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നുണ്ട്. എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് ലെന്‍സുകളും കണ്ണട ഫ്രെയിമുകളും വിപണിവിലയേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ താഴെയുള്ള നിരക്കില്‍ ലഭ്യമാക്കുന്നു. ആവശ്യക്കാര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള സേവനങ്ങള്‍ കൂടാതെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍എസ്ബിവൈ) കാര്‍ഡുള്ളവര്‍ക്ക് സൗജന്യസേവനവും നല്‍കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2011 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്എല്‍എല്‍ ഫാര്‍മസിആന്‍ഡ് സര്‍ജിക്കല്‍സാണ് ഈ സംരംഭത്തിലെ ആദ്യ ചുവടുവയ്പ്പ്.
എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് എന്നീ നൂതന സംരംഭങ്ങളിലൂടെ ആശ്രയിക്കാവുന്നതും ചെലവുചുരുങ്ങിയതും ഗുണമേ•യുള്ളതുമായ ആരോഗ്യ പരിരക്ഷാ മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യാനാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നതെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ആര്‍. പി. ഖണ്ഡേല്‍വാല്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ശ്രീ. ജയപാലന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.