ന്യൂഡല്‍ഹി: ഹാദിയ കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഹാദിയ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോടും കോടതി നിര്‍ദേശിച്ചു.
രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ഹാദിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഗൗരവകരമാണെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. ആവശ്യമെങ്കില്‍ അഖില 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ കഴിയണം. അഖിലയ്ക്ക് മൂന്നു പേരുകള്‍ വന്നതെങ്ങനെയെന്നും കോടതി ചോദിച്ചു . കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഹാദിയ, ഷെഫിന്‍ ദമ്ബതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.