ന്യൂഡല്‍ഹി: ഹാദിയയുമായുള്ള വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുമായി ബന്ധപ്പെട്ടിരുന്നതായി എന്‍.ഐ.ഐ. ഐഎസ് ബന്ധമുള്ള മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷെഫീന്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും എന്‍.ഐ.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഐഎസ് ബന്ധമാരോപിച്ച് കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ക്കെതിരെ ഒമര്‍ അല്‍ ഹിന്ദി കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ, പൊലീസ് ഉദ്യോഗസ്ഥര്‍, തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ ആക്രമിക്കുന്നതിന് പദ്ധതിയിട്ടാണ് ഇരുവരുമെത്തിയത്.
ഷെഫീന്‍ ജഹാന്റെ സുഹൃത്തായ മുനീര്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനും മന്‍സീദും ചേര്‍ന്നാണ് ഹാദിയയുമായുള്ള കല്യാണം നടത്തിയത്. ‘വേ ടു നിക്കാഹ്’ എന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയല്ല കല്യാണം നടന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. 2015 സെപ്റ്റംബര്‍ 19നാണ് ഷെഫീന്‍ ജഹാന്‍ തന്റെ പ്രൊഫൈല്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഹാദിയയുടെ അന്നത്തെ രക്ഷകര്‍ത്താവായിരുന്ന സൈനബ, തന്റെ മകളുടെയും ഹാദിയയുടെയും പേരുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2016 ഏപ്രില്‍ 17നും. എന്നാല്‍ ഇരുവരുടെയും വെബ്‌സൈറ്റിലെ കോണ്‍ടാക്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനാല്‍ പുറത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ഇരുവരും പരസ്പരം ബന്ധപ്പെടില്ലെന്നാണ് എന്‍.ഐ.കണ്ടെത്തിയിരിക്കുന്നത്.
ഹാദിയയും ഷെഫീനും വെബ്‌സൈറ്റില്‍ പരസ്പരം തങ്ങളുടെ പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ വെബ്‌സൈറ്റില്‍ നിന്ന് ഹാദിയയുടെ വിവരങ്ങള്‍ ശേഖരിച്ച അഞ്ച് പേരും ഷെഫീ ബന്ധമുള്ളവരായിരുന്നു. കൂടാതെ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ എസ്.ഡി.പി.ഐയുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴി ഷെഫീന്‍ ജഹാനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. വൈക്കം സ്വദേശി അശോകന്റെ മകളായ അഖില സേലത്ത് ഹോമിയോ കോളജില്‍ പഠിക്കുന്നതിനിടെയാണ് ഇസ്‌ളാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് 2016 ഡിസംബറില്‍ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചു. ഇക്കഴിഞ്ഞ മേയിലാണ് ഷെഫീനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്.
ഹാദിയ കേസില്‍ എന്‍ഐഎയ്ക്ക് നിയമാനുസൃതം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സുപ്രിം കോടതി ഒക്ടോബര്‍ 27 ന് കേസ് പരിഗണിച്ചപ്പോള്‍ അനുമതി നല്‍കിയിരുന്നു. നവംബര്‍ 27ന് കേസ് പരിഗണിച്ച കോടതി ഹാദിയയെ സേലത്തെ കോളേജില്‍ മെഡിക്കല്‍ പഠനം തുടരാന്‍ അനുവദിച്ചിരുന്നു.