ലാഹോര്‍ • കശ്മീര്‍ പ്രശ്നം പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കണമെന്ന ജമാഅത്തുദ്ദഅവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അപേക്ഷ ലാഹോര്‍ ഹൈക്കോടതി തള്ളി. വിഷയം യുഎന്‍ വേദികളിലും രാജ്യാന്തര സമൂഹത്തിനു മുന്നിലും ഉന്നയിക്കണമെന്നായിരുന്നു അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.ഹര്‍ജി തള്ളിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സയീദ് മന്‍സൂര്‍ അലി വിഷയം രാഷ്ട്രീയത്തിന്റെ കീഴില്‍ വരുന്നതാണെന്നും പറഞ്ഞു. അപേക്ഷയില്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതിക്കു മുന്നില്‍ സാധൂകരിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സയീദിന്റെ അഭിഭാഷകന്‍ പറഞ്ഞു.കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ യുഎന്‍ പ്രമേയത്തിന്റെ ലംഘനമാണെന്നാണ് സയീദ് ഹര്‍ജിയില്‍ ആരോപിച്ചത്. ഇന്ത്യന്‍ സൈന്യം നിരപരാധികളായ കശ്മീരികളെ കൊല്ലുന്നുവെന്നും അവരുടെ ദൈനംദിന ജീവിതം തകര്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഇതിനെതിരെ പാക്ക് സര്‍ക്കാര്‍ പ്രസ്താവന ഇറക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹാഫിസ് സയീദ് കുറ്റപ്പെടുത്തുന്നു.കശ്മീരികളുടെ സ്വയം നിര്‍ണയാവകാശം ഇന്ത്യ അംഗീകരിക്കുന്നില്ല. കശ്മീര്‍ പ്രശ്നത്തെ യുഎന്നിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്ന പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‍റു, ഹിതപരിശോധനയില്‍ കശ്മീരികള്‍ പാക്കിസ്ഥാനില്‍ ചേരണമെന്ന് ആവശ്യപ്പെട്ടാല്‍ തടയില്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വാഗ്ദാനം പാലിക്കാതെ വഞ്ചന നടത്തിയെന്നും ഹാഫിസ് സയീദിന്റെ അഭിഭാഷകന്‍ വാദിച്ചു.10 മില്യണ്‍ യുഎസ് ഡോളര്‍ തലയ്ക്ക് വിലയിട്ട ഭീകരനാണ് ഹാഫിസ് സയീദ്. എന്നാല്‍, പാക്കിസ്ഥാനില്‍ ഇയാള്‍ക്ക് യാതൊരു വിലക്കുമില്ല.