ന്യൂഡല്‍ഹി: ഹാഫിസ് സയീദിനെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാക് നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നീക്കം സഹായിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മേഖലയെ ഭീകരവാദത്തില്‍ നിന്ന് മുക്തമാക്കുന്നതിന് പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ യുക്തിസഹമായ നീക്കമാണ് ഇതെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ഹാഫിസ് സയീദ് ഒരു അന്താരാഷ്ട്ര ഭീകരവാദിയാണ്. ലെഷ്കര്‍ ഉള്‍പ്പെടെയുള്ള സംഘടനകളിലൂടെ അയല്‍രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അയാള്‍ക്ക് വലിയ പങ്കുണ്ട് -വികാസ് സ്വരൂപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ ഹാഫിസ് സയീദിനെയും ഖ്വാസി കാഷിഫ് ഉള്‍പ്പെടെയുള്ള അനുയായികളെയും തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ പെടുത്തിയത്. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനും പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. നിലവില്‍ വീട്ടുതടങ്കലിലാണ് ഹാഫിസ്.