റിയാദ് : ഇൗ വർഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ചർച്ചകൾക്കായി ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദും നയതന്ത്ര സംഘവും ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ ത്വാഹിർ ബൻതനിനെ സന്ദർശിച്ചു. ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കാനുള്ള സന്നാഹങ്ങൾ അംബാസഡർ വിശദീകരിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നും ഹാജിമാരുടെ വരവും താമസവും സംബന്ധിച്ച ക്രമീകരണങ്ങൾ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾക്കും വിവിധ സൗദി ഏജൻസികളുമായുള്ള സൗഹാർദപൂർവമായ സഹകരണത്തിനും മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ ത്വാഹിർ ബൻതൻ ഇന്ത്യൻ സംഘത്തിന് നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ഇ ഹജ്ജ് പോർട്ടൽ വഴി വിസ നൽകുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഐ .ടി ശേഷിയെ അദ്ദേഹം ശ്ലാഘിച്ചു.
ഹാജിമാരെ ഇന്ത്യയിൽ നിന്ന് കപ്പലിൽ കൊണ്ടുവരാനുള്ള പദ്ധതിയെ കുറിച്ച് അംബാസഡറും മന്ത്രിയും ചർച്ച നടത്തി. വരുംവർഷങ്ങളിൽ തുറമുഖങ്ങളിൽ ഇതിനുള്ള സംവിധാനം ഒരുക്കണമെന്ന് അംബാസഡർ അഭ്യർഥിച്ചു. ജിദ്ദയിലെ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡെപ്യൂട്ടി സി.ജിയും ഹജ്ജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.