തീർത്ഥാടക പ്രവാഹമാരംഭിച്ചു ; ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം 

290

റിയാദ് : പുണ്യഭൂമി ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ് തീര്‍ഥാടകരുടെ പ്രവാഹത്തിന് തുടക്കമായി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇന്നലെ ആദ്യമായി എത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള പ്രഥമ ഹജ് സര്‍വീസില്‍ 419 തീര്‍ഥാടകരുണ്ടായിരുന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വൈസ് പ്രസിഡന്റ് സുലൈമാന്‍ അല്‍ഹംദാന്‍, ജിദ്ദ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഉസാം ഫുവാദ് എന്നിവരും ജവാസാത്ത്, സുരക്ഷാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉപഹാരങ്ങള്‍ വിതരണം ചെയ്ത് തീര്‍ഥാടകരെ സ്വീകരിച്ചു. മലേഷ്യയില് നിന്നും

ഇന്തോനേഷ്യയില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ പ്രവേശന, കസ്റ്റംസ് നടപടിക്രമങ്ങള്‍ മക്ക റോഡ് പദ്ധതി എന്ന് പേരിട്ട പദ്ധതി വഴി സ്വദേശങ്ങളില്‍ വെച്ച് മുന്‍കൂട്ടി സൗദി ജവാസാത്ത് പൂര്‍ത്തിയാക്കിയതിനാല്‍ മദീനയില്‍ വിമാനമിറങ്ങിയ ഉടന്‍ ഇവര്‍ക്ക് താമസസ്ഥലങ്ങളിലേക്ക് പോകുന്നതിന് സാധിച്ചു.മക്ക റോഡ് പദ്ധതി വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുലാലംപൂരില്‍ നിന്ന് എത്തിയ ഹജ് തീര്‍ഥാടകരുടെ ആദ്യ സംഘത്തെ ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ബൈജാവിയും മദീന പ്രവിശ്യ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ഹുവൈശും എയര്‍പോര്‍ട്ടിലെ ബന്ധപ്പെട്ട വകുപ്പ് മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു. ഹാജിമാര്‍ക്ക് പൂച്ചെണ്ടുകളും മിഠായികളും ഈത്തപ്പഴവും മിനറല്‍ വാട്ടറും വിതരണം ചെയ്തു. മക്ക റോഡ് പദ്ധതി വഴി എത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മദീന എയര്‍പോര്‍ട്ടില്‍ പ്രത്യേക ടെര്‍മിനല്‍ സജ്ജീകരിച്ചിട്ടുണ്ട്.

പതിനൊന്ന് മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ചാണ് ജവാസാത്ത് ഡയറക്ടറേറ്റ് മക്ക റോഡ് പദ്ധതി നടപ്പാക്കുന്നത്.ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇരുപതു ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തുമെന്നാണ് കരുതുന്നത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള 18,000 സിറിയന്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ നിന്ന് ഈ വര്‍ഷം 85,000 ഓളം ഹാജിമാരാണ് എത്തുക. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കേണ്ട അവസാന ദിവസം ദുല്‍ഹജ് ആറ് ആണ്. ദുല്‍ഹജ് പതിനാലു മുതല്‍ ഹജ് തീര്‍ഥാടകരുടെ മടക്ക യാത്ര ആരംഭിക്കും.

NO COMMENTS