തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍‌ത്തിക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്റുമാരിൽ പകുതിപ്പേര്‍ക്കും ലൈസന്‍സ് ഇല്ല.

43

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ 5200 ഭക്ഷണ വിതരണ ഏജന്റുമാരാണ് പ്രവര്‍‌ത്തിക്കുന്നത്. ഇവയില്‍ പകുതിപ്പേര്‍ക്കും ലൈസന്‍സ് ഇല്ല. മാത്രമല്ല, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളും അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അനധികൃത ഭക്ഷണ വിതരണ ഏജന്റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് ‘ഭക്ഷണം അവകാശം’ എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം വെളിപ്പെട്ടത്.താല്‍ക്കാലിക വില്‍പന കേന്ദ്രങ്ങളില്‍ ഉള്ളവരാണ് നിയമലംഘനത്തില്‍ മുന്നിലെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അജ്ഞതയും ബോധവത്കരണമില്ലായ്‌മയുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നും സര്‍വേയില്‍ കണ്ടെത്തി.

തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ പരിധിയില്‍ ആയിരുന്നു സര്‍വേ നടത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകരെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചത്. ഇവര്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, ടീ സ്റ്റാളുകള്‍, തട്ടുകടകള്‍, മീന്‍ വില്‍പന കേന്ദ്രങ്ങള്‍, താല്‍ക്കാലിക വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

തലസ്ഥാന ജില്ലയെ കൂടാതെ എറണാകുളം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളെയാണ് ഭക്ഷണം അവകാശം എന്ന ചലഞ്ചില്‍ ഉള്‍പ്പെടുത്തിയത്. സര്‍വേയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളിലും
കടകളിലും നിന്ന് പാല്‍, വെള്ളം, ഭക്ഷ്യ എണ്ണ, അരി, മത്സ്യം എന്നിവ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ എഴുന്നൂറോളം ഭക്ഷ്യസാമ്ബിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച്‌ പരിശോധിച്ചു. ഈ നാല് സര്‍ക്കിളുകളില്‍ നിന്നായി 15 സാമ്ബിളുകള്‍ വീതം ആകെ 60 സാമ്ബിളുകള്‍ മുന്‍കരുതല്‍ എന്ന നിലയിലും ശേഖരിച്ചു. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ഇവയുടെ ഉടമസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.

നഗരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണത്തിന് ആവശ്യക്കാരേറിയതോടെ ഈ രംഗത്ത് വ്യാപക ക്രമക്കേടുകൾ അരങ്ങേറുന്നതായാണ് കണ്ടെത്തല്‍. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പകുതിയിലധികം ഭക്ഷണ വിതരണക്കാരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

NO COMMENTS