ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്ന് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നിരവധി നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുന്നതിനിടയിലാണ് ഹമീദ് അന്‍സാരിയുടെ ഈ അഭിപ്രായം കൂടി വരുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതാ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മന്ത്രിസഭാംഗങ്ങളുടേയും മുന്നില്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യക്കാരന്റെ സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി ഉത്കണ്ഠയുണ്ടാക്കുന്ന സംഗതിയാണ്. രാജ്യസഭാ ടി.വിയില്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഹമീദ് അന്‍സാരിയുടെ ഈ പ്രതികരണങ്ങള്‍.
ഇന്ത്യയുടെ പല മൂല്യങ്ങളും നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ തീവ്രവാദ സംഘടനകളുടെ സ്വാധീനത്തില്‍ പെടാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. മുത്തലാഖിനെതിരായ വിപ്ലവം ആ സമൂഹത്തില്‍ നിന്ന് തന്നെ ഉയര്‍ന്നുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഘര്‍വാപസി, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. എല്ലാത്തിനും അപ്പോഴും ഒരു കാരണവും വിശദീകരണവും ഉണ്ടാകും. അത് നാം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തിപരമാണ്. നിയമപാലനത്തിന്റെ ഭാഗമായുള്ള നടപടികള്‍ ഓരോ സ്ഥലത്തും കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതില്‍ അധികാരികളുടെ ഭാഗത്തെ വീഴ്ചയാണ് ഇത് കാണിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്നത് അത്യന്തം വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.