ന്യൂഡല്‍ഹി: ഹംസഫര്‍ ട്രെയിന്‍ സര്‍വീസ് ഒക്ടോബറില്‍ തുടങ്ങും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍റെ ബജറ്റ് പ്രഖ്യാനത്തിലുണ്ടായിരുന്ന പ്രത്യേക സര്‍വീസാണ് ഒക്ടോബറില്‍ ആരംഭിക്കുന്നത്. സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രാലയ വക്താക്കള്‍ അറിയിച്ചു. മറ്റ് ട്രെയിന്‍ നിരക്കുകളെ അപേക്ഷിച്ച് 20% വര്‍ധനയാണ് ഹംസഫര്‍ ടിക്കറ്റുകള്‍ക്ക് ഉണ്ടാവുക.
എസി 3 ടയര്‍ കോച്ചുകളാണ് ഹംസഫറിലുണ്ടാവുക. ഫെബ്രുവരിയില്‍ ഈ സാന്പത്തിക വര്‍ഷത്തെ പുതിയ ട്രെയിനുകളെ കുറിച്ചുള്ള പ്രഖ്യാപനത്തിലാണ് സുരേഷ് പ്രഭു ഹംസഫര്‍ പ്രഖ്യാപിച്ചത്.
പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത തേര്‍ഡ് എ.സി സര്‍വ്വീസ് ട്രെയിനില്‍ ഭക്ഷണത്തിനുള്ള സൗകര്യവും ഉണ്ട്.
നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഹംസഫര്‍ യാത്ര. വളരെ വേഗത്തില്‍ യാത്ര പൂര്‍ത്തിയാക്കുന്ന ഇന്‍റര്‍സിറ്റി സര്‍വ്വീസ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന് സുരേഷ് പ്രഭു പറഞ്ഞു.
സി.സി.ടി.വി സംവിധാനവും, ജി.പി.എസ് അടിസ്ഥാനപ്പെടുത്തി യാത്രക്കാരുടെ വിവര ശേഖരണ സംവിധാനവും എല്ലാ സീറ്റിലും മൊബൈല്‍, ലാപ്ടോപ്പ് ചാര്‍ജിംഗ് സൗകര്യവുമെല്ലാം ട്രെയിനിന്‍റെ പ്രത്യേകതകളാണ്.