ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിൽ അല്‍ ഖ്വയ്ദനേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു എന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത് .
ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി ഓഗസ്റ്റില്‍ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.ബി.സി. ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് വാര്‍ത്ത പുറത്തുവിട്ടത്.അതേസമയം, കൊല്ലപ്പെട്ടത് എന്നാണെന്നോ എവിടെവെച്ചാണെന്നോ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ യു.എസ്. ഇടപെട്ട് നടത്തിയ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.ഹംസ അല്‍ ഖ്വയ്ദ ഭീകരസംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതായി യു.എസ്. ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ നേതാവ് അല്‍ സവാഹിരിയുടെ തൊട്ടുതാഴെയാണ് സ്ഥാനമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ലാദന്റെ 20 മക്കളില്‍ പതിനഞ്ചാമത്തെയാളും. സൗദി അറേബ്യക്കാരി ഖൈറ സബറാണ് ഹംസയുടെ മാതാവ്.