കൈത്തറി ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണം ; മന്ത്രി പി. രാജീവ്

15

നവീനവും ആകർഷകവുമായ ഉത്പന്നങ്ങളിലൂടെ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിയുന്ന രീതിയിൽ കൈത്തറി മേഖല യെ മാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്ത പുരം കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെ നടക്കുന്ന സംസ്ഥാന ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നവീന പദ്ധതികളിലൂടെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് മുൻഗണന നൽകുകയാണ് സർക്കാർ ചെയ്യുന്നത്. കൈത്തറി യൂണിഫോം സ്കൂളുകളിൽ നിർബന്ധമാക്കിയത് ഇതിന്റെ ഉദാഹരണമാണ്. നെയ്ത്തുകാരുടെ കഴിവുകളെ വ്യത്യസ്ത ഉത്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ മാറ്റം ഉണ്ടാകണം. രണ്ട് കോടി രൂപയുടെ പ്രവർത്തന സഹായമൂലധനം സംസ്ഥാന സർക്കാർ ഇതിന് അനുവദിച്ചുകഴിഞ്ഞു.

ഓണത്തിന് മുമ്പ് തന്നെ ഈ മേഖലയിലെ തൊഴിലാളികളുടെ കുടിശിക കൊടുത്തുതീർക്കാനാണ് സർക്കാർ തീരുമാനം. ഹാന്റെക്സും, ഹാന്റ്‌വീവുമടക്കമുള്ള സ്ഥാപനങ്ങൾ ഭരണനിർവഹണച്ചെലവ് പരമാവധി കുറിച്ച് കൂടുതൽ തൊഴിലാളി സുരക്ഷിത രീതികളിലേക്ക് മാറണം. ഇതിനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി നൽകുന്ന ശുപാർശകൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

വിപണനമേഖലയിലെ ആദ്യ വിൽപ്പന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. വി. കെ. പ്രശാന്ത് എം എൽ എ അധ്യക്ഷന വഹിച്ച ചടങ്ങിൽ തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ. ഡി, തിരുവനന്തപുരം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം. ആർ. ഗോപൻ, കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി എം. എം. ബഷീർ, കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്’ അഡ്വ. സുബോധൻ ജി, പത്മശ്രീ. പി. ഗോപിനാഥൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷിറാസ്. എ.എസ്, കൈത്തറി വസ്ത്ര ഡയറക്ടർ അനിൽ കുമാർ കെ. എസ് എന്നിവർ സംബന്ധിച്ചു.

പരമ്പരാഗത തൊഴിൽ മേഖലയായ കൈത്തറി വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ ഓണ വിപണിയിൽ സജീവമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ പങ്കാളിത്തത്തോടു കൂടിയാണ് ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 14 വരെ കനകക്കുന്നിലെ സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.

കേരളം, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജാർഖണ്ഡ്, തമിഴ്‌നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രാധിനിത്യം ഈ പ്രദർശന വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ഉല്പന്നങ്ങളായ ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ, ചേന്ദമംഗലം, കുത്താമ്പുള്ളി എന്നീ പ്രധാനപ്പെട്ട ഭൗമസൂചിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. ഉത്തർ പ്രദേശിലെ ചന്ദേരി സാരികൾ, ജമ്മു കശ്മീരിലെ പഷ്മീന ഷാളുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിര തന്നെ മേളയിലെ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.

ഏകദേശം 50 ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പെടുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് മേള സഹായകരമാകുന്നു. കേരളത്തിലെ 25000 തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ആകർഷകമായ രീതിയിൽ അവരിപ്പിച്ച് ഉൽപ്പന്നങ്ങളുടെ മൂല്യം ഉപഭോക്താക്കൾക്ക് മനസിലാക്കി കൊടുക്കുന്നതിനും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന് മേള സഹായകരമായിരിക്കും. ഹാൻടെക്സ്, ഹാൻവീവ് ഉൾപ്പെടെ സംസ്ഥാനത്ത് 40 ഓളം കൈത്തറി സംഘങ്ങളും അന്യ സംസ്ഥാനത്തു നിന്നുള്ള 26 സംഘങ്ങളും ഈ മേളയിൽ ഒരുക്കിയിരിക്കുന്ന 64 സ്റ്റാളുകളിലായി അണിനിരക്കും.

NO COMMENTS

LEAVE A REPLY