കൈത്തറി സ്‌പെഷ്യൽ റിബേറ്റ് മേള ഒന്നുമുതൽ

50

തിരുവനന്തപുരം : കൈത്തറി മേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻവീവ് ഉൽപന്നങ്ങൾ റിബേറ്റ് വിലയിൽ ലഭിക്കും. ജൂലൈ ഒന്ന് മുതൽ 20 വരെയാണ് ആനുകൂല്യം. റിബേറ്റ് വിൽപന ഉദ്ഘാടനം ജൂലായ് ഒന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിക്കും.

ലോക്ക്ഡൗണായതിനാൽ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് 14 ദിവസത്തെ റിബേറ്റ് വിൽപന ദിനങ്ങൾ നഷ്ടമായി. ഉൽപ്പന്നങ്ങൾ കെട്ടിക്കിടന്നു. വരുമാനമില്ലാതെയും അടുത്ത ഉൽപാദനത്തിനുള്ള മൂലധനമില്ലാതെയും തൊഴിലാളികൾ വിഷമത്തിലായി. ഇതു മറികടക്കാനാണ് സ്‌പെഷ്യൽ റിബേറ്റ് സർക്കാർ പ്രഖ്യാപിച്ചത്.

ഷോറൂമുകൾ വഴിയും ജില്ലാ തല മേളകൾ നടത്തിയുമാണ് സാധാരണ റിബേറ്റ് വിൽപന നടത്തിയിരുന്നത്. എന്നാൽ, സ്‌പെഷ്യൽ റിബേറ്റ് മേളയിൽ കൈത്തറി സംഘങ്ങൾക്ക് നേരിട്ട് റിബേറ്റ് വിൽപന നടത്താനാകും. ഇതിലൂടെ നഷ്ടമായ വിപണി വീണ്ടെടുക്കാനും തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനും കഴിയും. ഹാൻടെക്‌സിന് 90 ഉം ഹാൻവീവിന് 46 ഉം ഷോറൂമുകൾ കേരളത്തിലുണ്ട്. കൈത്തറി സംഘങ്ങൾ ഉൾപ്പെടെ ചുരുങ്ങിയത് 400 കേന്ദ്രങ്ങൾ വഴി വിപണനം നടത്തും.

കൈത്തറി സംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻവീവ് വിൽപ്പനശാലകളിലൂടെയും ഓൺലൈനായും ഉൽപന്നങ്ങൾ ലഭിക്കും. സഹകരണ സംഘങ്ങൾ ഡോർ ഡെലിവറി നടത്തും. ഓഫീസുകൾ, നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വാഹനങ്ങളിലും വിപണനം നടത്തും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചായിരിക്കും വിൽപ്പന. 8136861240

NO COMMENTS