തിരുവനന്തപുരം : മാലിന്യങ്ങൾ ശാസ്ത്രീയമായരീതിയിൽ സംസ്‌കരിക്കണമെന്ന ലക്ഷ്യത്തോടെ’അരുത് ! വലിച്ചെറിയരുത്, കത്തിക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കോർപ്പറേഷൻ മേയർമാർ, മുനിസിപ്പൽ ചെയർ പേഴ്‌സൺമാർ, സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ശിൽപ്പശാല തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ആഗസ്റ്റ് ഏഴിന് ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതികമ്യൂസിയം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ശിൽപ്പശാല. കില ഡയറക്ടർ ജോയ് ഇളമൺ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ ആമുഖാവതരണം നടത്തും.സംസ്ഥാനത്ത് ഹരിതനിയമങ്ങൾ നടപ്പാക്കുന്നത് ശക്തിപ്പെടുത്തുകയും അവബോധം ജനങ്ങളിൽ വ്യാപക മാക്കുകയു മാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. 20 ലക്ഷം പേരിലെത്തുന്ന വിപുലമായ ബോധവത്കരണ കാമ്പയിനും കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ സജ്ജമാക്കുകയുമാണ് ലക്ഷ്യം.