തുറവൂര്‍ • വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിയെ പിടികൂടാന്‍ ശ്രമിച്ച എസ്‌ഐയെയും പൊലീസുകാരനെയും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തതായി പരാതി. ആക്രമണത്തില്‍ പരുക്കേറ്റ കുത്തിയതോട് എസ്‌ഐ എ.എന്‍. അഭിലാഷ്, സിവില്‍ പൊലീസ് ഒാഫിസറായ ജൂഡ് എന്നിവരെ തുറവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പൊലീസ് അലങ്കോലമാക്കിയെന്നാരോപിച്ച് ചേര്‍ത്തല താലൂക്കില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. വളമംഗലത്തുള്ള ബാലികാ സദനത്തില്‍ ഇന്നലെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ്.