ന്യൂഡല്‍ഹി:മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, ബര്‍ഖ ദത്ത്, പുണ്യപ്രസൂണ് ജോഷി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഹാര്‍വെസ്റ്റ് ടിവി.പ്രമുഖ അഭിഭാഷകര്‍ കൂടിയായ കപില്‍ സിബലും പി. ചിദംബരവുമാണ് ചാനലിലെ പ്രധാന നിക്ഷേപകര്‍. ഇവര്‍ക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും വ്യവസായി നവീന്‍ ജിന്‍ഡാലും പണം മുടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
റിപ്പബ്ളിക് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടിയിരുന്ന ഹാര്‍വെസ്റ്റ് ടിവി ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു നിര്‍ത്തിവച്ചതായി കപില്‍ സിബല്‍ പരാതിപ്പെട്ടു. ചാനല്‍ എയര്‍ ചെയ്യരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ ടാറ്റ സ്കൈക്ക് നിര്‍ദേശം നല്‍കിയതായി കപില്‍ സിബല്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ചാനല്‍ സംപ്രേക്ഷണം തുടങ്ങുന്നത്. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഹിന്ദി ന്യൂസ് ചാനലടക്കം സംപ്രേഷണം ആരംഭിക്കാനിരിക്കെയാണ് ഹാര്‍വെസ്റ്റ് ടിവിയുടെ കടന്നുവരവ്. 24 മണിക്കൂര്‍ വാര്‍ത്താ ചാനലായാണ് ഇത് പ്രവര്‍ത്തിക്കുക.ഇപ്പോള്‍ ഹാര്‍വെസ്റ്റ് ടിവിയുടെ ഭാഗമായ കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ടിവി അഭിമുഖ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അഭിമുഖത്തില്‍നിന്ന് ഇറങ്ങിപ്പോയതും വാര്‍ത്തയായി.