ആലപ്പുഴയില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍

260

ആലപ്പുഴ: ഒരുകോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ ആലപ്പുഴയില്‍ പൊലീസിന്‍റെ പിടിയിലായി. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഇടുക്കിയില്‍ വെച്ച് വാറ്റിയെടുത്താണ് ഇവര്‍ ഹാഷിഷ് ഓയില്‍ നിര്‍മിച്ചിരുന്നത്.
നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ കുത്തിയതോട് പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണികളെക്കുറിച്ച് പോലീസിന് വിവരം കിട്ടിയത്. രണ്ട് മാസത്തോളം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി സ്വദേശികളായ പ്രിന്‍സ്, റോബിന്‍ കോതമംഗലം സ്വദേശി അനീഷ് എന്നിവര്‍ പിടിലായത്.
ആന്ധ്രപ്രദേശിലെ ആദിവാസിമേഖലയായ തുംഗി എന്ന സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്യുന്നവരാണ് ഇവരെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഇടുക്കിയിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് വാറ്റിയാണ് ഹാഷിഷ് ഓയില്‍ നിര്‍മിച്ചിരുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ഹാഷിഷ് ഓയില്‍ ഇവര്‍ തന്നെ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആലപ്പുഴയുടേയും എറണാകുളത്തിന്റെയും അതിര്‍ത്തിയായ തുറവൂരില്‍ തമ്പടിക്കുന്ന ഇവര്‍ക്ക് രണ്ട് ജില്ലകളിലും ആവശ്യക്കാരുണ്ട്.
ചെറുകുപ്പികളിലാക്കി എത്തിക്കുന്ന ഹാഷിഷ് ഓയിലിന് പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഒന്നോ രണ്ടോ തുള്ളി ഹാഷിഷ് ഓയില്‍ സിഗരറ്റില്‍ ചേര്‍ത്താണ് ആവശ്യക്കാര്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍പ്പേര്‍ പിടിയിലാകുമെന്നാണ് സൂചന. പിടിയിലായ പ്രിന്‍സ് സംസ്ഥാനത്തെ തന്നെ പ്രധാന ഹാഷിഷ് വില്‍പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കൃഷിക്കിടെ ഇയാളുടെ സഹോദരന്‍ ആന്ധ്രയില്‍ പിടിയിലായിരുന്നു.

NO COMMENTS

LEAVE A REPLY