ബംഗളൂരു: 2008 ല്‍ അന്നത്തെ മുഖ്യമന്ത്രി യദ്യൂരപ്പക്ക് സമാനസാഹചര്യം ഉണ്ടായിട്ടും രാജിവച്ചിരുന്നില്ല. പിന്നെ എന്തിന് താന്‍ രാജിവയ്ക്കണമെന്നും അത്തരമൊരു അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മാധ്യമങ്ങളോടായി പറഞ്ഞു.
വിമത എം എല്‍ എ മാര്‍ വൈകുന്നേരത്തിനുള്ളില്‍ സ്പീക്കറെ കാണണമെന്ന സുപ്രീം കോടതി നിര്‍ദേശം ഉണ്ടായതിനു പിന്നാലെയാണ് കുമാരസ്വാമി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ സ്പീക്കറെ കാണാന്‍ വിമത എംഎല്‍എമാര്‍ മുംബൈയില്‍നിന്നും ബംഗളൂരിവിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരത്തോടെ 10 വിമത എംഎല്‍എമാരും സ്പീക്കര്‍ കെ.ആര് രമേഷ് കുമാറിനെ കണ്ട് രാജിസമര്‍പ്പിക്കും. ഇതിനു ശേഷം സ്പീക്കര്‍ കൈക്കൊള്ളുന്ന തീരുമാനമാവും ഏറെ നിര്‍ണായകമാകുക. നപടിക്രമങ്ങള്‍ പാലിച്ചല്ല രാജി സമര്പ്പിച്ചെന്നാരോപിച്ചാണ് വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരുന്നത്.
വെള്ളിയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനം വൈകിപ്പിച്ച് വിമതരെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസും ജെഡിഎസും ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ മാസം 17 ന് നിയമസഭാ സമ്മേളനം ചേരാനാകും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കുക. അങ്ങനെയെങ്കില്‍ വിമതരുമായി വിലപേശല്‍ നടത്താന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സമയം ലഭിക്കും.
ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറേയും സ്പീക്കറേയും കണ്ടിരുന്നു. രണ്ട് എംഎല്‍എര്‍ കൂടിരാജിവച്ചതോടെ 225 അംഗ സഭയില്‍ കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിന്റെ അംഗബലം 101 ആയി കുറഞ്ഞു. 107 പേരാണ് ബിജെപി പക്ഷത്തുള്ളത്.