മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന റയല്‍ മാഡ്രിഡ് മുന്‍ അധ്യക്ഷന്‍ ലൊറെന്‍സോ സാന്‍സ് (76) അന്തരിച്ചു. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയതോടെ ഒന്‍പത് ദിവസമായി മാഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ പനിയും ശ്വാസതടസ്സവും മൂര്‍ച്ഛിക്കുകയും വൃക്ക തകരാറിലാവുകയും ചെയ്തു.
മകന്‍ ലോറെന്‍സോ ജൂനിയറാണ് ട്വിറ്ററിലൂടെ അച്ഛന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഞാന്‍ കണ്ടതില്‍ വച്ച ഏറ്റവും ധീരനും കഠിനാധ്വാനിയുമായ മനുഷ്യന്‍. അച്ഛന്‍ ഇത്തരത്തില്‍ ഒരു മരണം അര്‍ഹിച്ചിരുന്നില്ല-റയലിന്റെ ബാസ്‌ക്കറ്റബോള്‍ താരം കൂടിയായ മകന്‍ സാന്‍സ് ഡ്യൂറന്‍ ട്വിറ്ററില്‍ കുറിച്ചു.
1995 മുതല്‍ 2000 വരെ റയലിന്റെ പ്രസിഡന്റായിരുന്നു ലോറെന്‍സോ. ഇക്കാലയളവില്‍ ക്ലബ് രണ്ടുവട്ടമാണ് യുവേഫ ചാമ്ബ്യന്‍സ് ലീഗ് കിരീടം ചൂടിയത്. 32 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമുള്ള ക്ലബിന്റെ ചാമ്ബ്യന്‍സ് ലീഗ് കിരീടധാരണമായിരുന്നു അത്. ലേറെന്‍സോയുടെ ഭരണകാലത്താണ് ക്ലബ് റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരെന്‍സ് സീഡോര്‍ഫ്, ഡെവര്‍ സുക്കര്‍, നിക്കോളസ് അനല്‍ക്ക, സ്റ്റീ തുടങ്ങിയ സൂപ്പര്‍താരങ്ങളുമായി കരാറിലെത്തിയത്.
2000ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ളോറെന്റീനോ പെരസിനോട് പരാജയപ്പെടുകയായിരുന്നു ലോറെന്‍സോ. ഇതിനുശേഷമാണ് റയല്‍ കളിക്കാര്‍ക്കായി വന്‍ തോതില്‍ കാശെറിഞ്ഞുതുടങ്ങിയത്. ലോകത്തെ യാകമാനം പിടിച്ചുലച്ച കോവിഡ് 19 ഇതുവരെയായി സ്‌പെയിനില്‍ മാത്രം ആയിരത്തിലേറെ പേരുടെ ജീവന്‍ അപഹരിച്ചുകഴിഞ്ഞു.
ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് അടക്കമുള്ള നിരവധി റയല്‍ മാഡ്രിഡ് താരങ്ങള്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. ടീമിന്റെ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ താരത്തിന് കൊറോണബാധ സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ക്ക് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവന്നത്.