ന്യൂഡല്‍ഹി: തനിക്ക് ചൗക്കീദാര്‍ ആകാന്‍ സാധിക്കില്ല. കാരണം താനൊരു ബ്രാഹ്മണന് ആണ്. ബ്രാഹ്മണന് ഒരിക്കലും കാവല്ക്കാരന് ആകാന്‍ കഴിയില്ല. ഇത് വസ്തുതയാണ്. കാവല്‍ക്കാര്‍ക്ക് ഉത്തരവ് നല്കാന് തനിക്ക് സാധിക്കും. ഉത്തരവുകള്‍ അനുസരിക്കുകയാണ് കാവല്ക്കാരനില്നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തനിക്ക് അത്തരമൊരു കാവല്ക്കാരന് ആകാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞാനും ചൗക്കീദാര്‍ (കാവല്ക്കാരന്) പ്രചാരണത്തെ തള്ളി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകരെല്ലാം അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ എന്നാക്കണമെന്നായിരുന്നു ആഹ്വാനം. എന്നാല്‍ സ്വാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് തിരുത്താന്‍ തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് തമിഴ് ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് സ്വാമി നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം സ്വാമി വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
തനിക്ക് ചൗക്കീദാര്‍ ആകാന്‍ സാധിക്കില്ല. കാരണം താനൊരു ബ്രാഹ്മണന് ആണ്. ബ്രാഹ്മണന് ഒരിക്കലും കാവല്ക്കാരന് ആകാന്‍ കഴിയില്ല. ഇത് വസ്തുതയാണ്. കാവല്‍ക്കാര്‍ക്ക് ഉത്തരവ് നല്കാന് തനിക്ക് സാധിക്കും. ഉത്തരവുകള്‍ അനുസരിക്കുകയാണ് കാവല്ക്കാരനില്നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തനിക്ക് അത്തരമൊരു കാവല്ക്കാരന് ആകാന്‍ സാധിക്കില്ലെന്ന് സ്വാമി പറഞ്ഞു.
‘രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണ്’ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പ്രതിരോധിക്കാനാണ് ഞാനും കാവല്ക്കാരന് എന്ന പ്രചരണവുമായി മോദി രംഗത്തെത്തിയത്. ട്വിറ്ററില്‍ ഞാനും കാവല്ക്കാരന് എന്ന് പേര് മാറ്റാനാണ് മോദി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.
“നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. എന്നാല്‍, ഞാന്‍ ഒറ്റയ്ക്കല്ല. സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരനാണ്. ഇന്ത്യയുടെ പുരോഗതിക്ക് കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു ചൗക്കീദാറാണെന്ന് പറയുന്നു” എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ‘മേം ഭീ ചൗക്കിദാര്‍’ എന്ന ഹാഷ് ടാഗോടെയായിരുന്നു മോദിയുടെ ട്വീറ്റ്.