തിരുവനന്തപുരം:ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ കേരളത്തില്‍ നിര്‍ത്തിവയ്ക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ ഉള്ളതിനാല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിട്ടത് . പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു.
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്നത് വിവാദമായിരുന്നു. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ടു പോകുന്നത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചിരുന്നു