പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന ഫ്ളൈറ്റ് ക്രൂവിന് പരിശീലനം നൽകി.

64

തിരുവനന്തപുരം : പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ കൊച്ചിയിൽ നിന്നും വ്യാഴം രാവിലെ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്മാർക്കും ക്യാബിൻ ക്രൂവിനും എറണാകുളം മെഡിക്കൽ കോളേജിൽ പരിശീലനം നൽകി. പി.പി.ഇ. സ്യൂട്ടുകൾ ധരിക്കുന്നതിനും ഉണ്ടാകാനിടയുള്ള ഹെൽത്ത് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം പരിശീലനം നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആദ്യ സംഘത്തിനെ ആശംസ അറിയിച്ചു.

പി.പി.ഇ. സ്യൂട്ടുകൾ ധരിക്കുന്നതിന്റെയും അവ ശ്രദ്ധപൂർവ്വം പ്രോട്ടോക്കോൾ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കൽ പരിശീലനം നൽകി. ഇവർക്കാവശ്യമായ സൗജന്യ കിറ്റുകൾ നൽകുകയും എല്ലാവരുടെയും ആർ.ടി. പി.സി.ആർ. പരിശോധനയും നടത്തുകയും ചെയ്തു. പരിശീലനത്തിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിച്ചതായി ക്യാപ്റ്റൻ പാർത്ഥ സർക്കാർ പറഞ്ഞു. നാല് പൈലറ്റുമാർ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കൽ കോളേജ് പരിശീലനം നൽകിയത്.

എറണാകുളം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർ.എം.ഒ. ഡോ.ഗണേശ് മോഹൻ, എ.ആർ.എം.ഒ ഡോ. മനോജ് ആന്റണി, ഡോ. ഗോകുൽ സജ്ജീവൻ, വിദ്യ വിജയൻ, ഇൻഫക്ഷൻ കൺട്രോൾ സ്റ്റാഫ് നഴ്സ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

NO COMMENTS