ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

132

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019 വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2016, 2017, 2018 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഥ/ നോവൽ, കവിത, നാടകം, വിവർത്തനം/ പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ/ പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. അവർക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികൾ അയക്കാം.

പുസ്തകത്തിന്റെ നാല് പ്രതികൾ വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ ആഗസ്റ്റ് അഞ്ചിന് മുമ്പായി ലഭിക്കണം.

NO COMMENTS