ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ തലവേദന അനുഭപ്പെടാത്തവര്‍ ആരുണ്ട്. തലവേദനയെടുക്കുമ്ബോള്‍ ആശ്വാസത്തിനായി ഒരു ഗുളിക കഴിക്കുന്നത് എളുപ്പമുള്ള വഴിയാണ്. എന്നാല്‍, അസിഡിറ്റി, ഓക്കാനം, വയറിന് അസ്വസ്ഥത തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വേദനാസംഹാരികള്‍ സമ്മാനിച്ചേക്കാം. അതിനാല്‍, ഗുളിക കഴിക്കുന്നത് ഒഴിവാക്കി ഇനി പറയുന്ന വീട്ടുചികിത്സകള്‍ ഒന്നു പരീക്ഷിക്കൂ;
ലാവണ്ടര്‍ ഓയില്‍
ലാവണ്ടര്‍ ഓയിലിന് സുഖകരമായ മണമുണ്ടെന്ന് മാത്രമല്ല അത് പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പിരിമുറുക്കം മൂലമുള്ള തലവേദനയ്ക്ക് മാത്രമല്ല മൈഗ്രേന്‍ മൂലം ഉണ്ടാകുന്ന തലവേദനയ്ക്കും ഇത് പ്രയോജനപ്രദമാണ്.
എങ്ങനെ ഉപയോഗിക്കാം?
ഏതാനും തുള്ളി ലാവണ്ടര്‍ ഓയില്‍ ഒരു നാപ്കിനില്‍ അല്ലെങ്കില്‍ ടിഷ്യൂ പേപ്പറില്‍ ഒഴിച്ച ശേഷം മണപ്പിക്കുക. ഒരു കപ്പ് തിളച്ച വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ഒഴിച്ചും മണപ്പിക്കാവുന്നതാണ്. ഒന്നോ രണ്ടോ തുള്ളി ലാവണ്ടര്‍ ഓയില്‍ മറ്റ് എണ്ണയുമായി ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നതും പ്രയോജനം ചെയ്യും.
കര്‍പ്പൂരതുളസി തൈലം
ഈ എണ്ണയ്ക്ക് സുഖകരവും സ്വാന്തനം നല്‍കുന്നതുമായ ഗുണമുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കര്‍പ്പൂരം തടസ്സപ്പെട്ടിരിക്കുന്ന രക്തക്കുഴലുകള്‍ തുറക്കാന്‍ സഹായിക്കുന്നതിലൂടെ തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നു.
എങ്ങനെ ഉപയോഗിക്കാം?
മൂന്നോ നാലോ തുള്ളി കര്‍പ്പൂരതുളസി തൈലം ഒരു ടേബിള്‍ സ്പൂണ്‍ ബദാം എണ്ണയിലോ ഒലിവ് എണ്ണയിലോ അല്ലെങ്കില്‍ വെള്ളത്തിലോ കലര്‍ത്തി നെറ്റിയിലും ചെന്നികളിലും പുരട്ടുക. ഏതാനും തുള്ളി കര്‍പ്പൂരതുളസി തൈലം ഒരു പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തില്‍ ഒഴിച്ച് ആവികൊള്ളുന്നതും ഗുണകരമാണ്.
തുളസി തൈലം
തുളസിക്ക് ശാന്തമാക്കുന്നതിനും വേദനയില്ലാതാക്കുന്നതിനുമുള്ള കഴിവുണ്ട്. പേശികളെ ആയാസരഹിതമാക്കുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം. തലവേദനയുള്ള സമയത്ത് പേശികള്‍ കോച്ചിവലിക്കുന്നത് ഇല്ലാതാക്കാന്‍ ഇതിനു കഴിയും.
എങ്ങനെ ഉപയോഗിക്കാം?
രണ്ടോ മൂന്നോ തുള്ളി തുളസി തൈലം സാധാരണ എണ്ണയുമായി യോജിപ്പിച്ച് നെറ്റിയിലും ചെന്നികളിലും പുരട്ടുക. ഒരു കപ്പ് വെള്ളത്തില്‍ മൂന്ന് അല്ലെങ്കില്‍ നാല് തുളസിയിലയും അല്‍പ്പം തേനും ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഇളം ചൂടോടെ അല്‍പ്പാല്‍പ്പമായി കുടിക്കുക.
ഐസ് പായ്ക്ക്
തലവേദനയുമായി ബന്ധപ്പെട്ട കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) കുറയ്ക്കാന്‍ ഐസിന്റെ തണുപ്പ് സഹായിക്കും. കൂടാതെ, വേദനയുള്ള സ്ഥലത്ത് മരവിപ്പ് ഉണ്ടാക്കാനും ഇത് സഹായിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം?
മൈഗ്രേന്‍ മൂലമുള്ള തലവേദനയ്ക്ക് കഴുത്തിനു പിന്നില്‍ ഐസ്-പാക്ക് വയ്ക്കാം. ഐസുവെള്ളത്തില്‍ മുക്കിയ തുണി ഏതാനും മിനിറ്റ് തലയില്‍ ഇടുക. ഇത് അരമണിക്കൂര്‍ നേരത്തേക്ക് ഏതാനും തവണ ആവര്‍ത്തിക്കുക.
ഇഞ്ചി
ഇഞ്ചിയില്‍ ‘ജിഞ്ചറോളുകള്‍’ എന്ന് അറിയപ്പെടുന്ന ശക്തിയേറിയ ആന്റി-ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളിലെ കോശജ്വലനം കുറയ്ക്കുകയും തലവേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
എങ്ങനെ ഉപയോഗിക്കാം?
ഇഞ്ചിയുടെയും നാരങ്ങയുടെ നീര് സമം ചേര്‍ത്ത് ദിവസം 2-3 തവണ കഴിക്കുക. ഇഞ്ചി കഷണങ്ങള്‍ അല്ലെങ്കില്‍ ചുക്കുപൊടി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അതിന്റെ ആവികൊള്ളുന്നതാണ് മറ്റൊരു രീതി.
പുതിനയില ജ്യൂസ്
പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോളും മെന്തോണും ഫലപ്രദമായ വേദനാസംഹാരികളാണ്.
എങ്ങനെ ഉപയോഗിക്കാം?
ഒരു കൈ പുതിനയിലയെടുത്ത് പിഴിഞ്ഞ് ചാറാക്കുക. ഇത് നെറ്റിയിലും ചെന്നികളിലും പുരട്ടുക.