തിരുവനന്തപുരം : സംസ്ഥാനത്ത് ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണ ത്തിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യ ജാഗ്രത 2020’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23 ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ. കൃഷ്ണൻകുട്ടി, അഡ്വ. കെ. രാജു, എം.പി.മാർ, എം.എൽ.എ.മാർ, മേയർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ‘ആരോഗ്യ ജാഗ്രത’ എന്ന പേരിൽ വർഷം മുഴുവനും നീളുന്ന ഒരു വാർഷിക കർമ്മ പരിപാടി 2018, 2019 വർഷങ്ങളിൽ സമയബന്ധിതമായും ഊർജ്ജിതമായും നടപ്പിലാക്കിയിരുന്നു. മുൻവർഷങ്ങളിലെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് ഈ വർഷത്തെ ‘ആരോഗ്യ ജാഗ്രത’ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആർദ്രം ജനകീയ ക്യാമ്പയിനുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ആർദ്രം ജനകീയ ക്യാമ്പയിന്റെ മുദ്രാവാക്യം ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്നതാണ്. ഓരോ പൗരനും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ബോധവൽക്കരണം നൽകുകയാണു ആർദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.സംസ്ഥാനതലം മുതൽ വാർഡ്തലം വരെയുള്ള ആലോചനായോഗങ്ങൾ, ഇതര വകുപ്പുകളുടെ പ്രവർത്തന ഏകോപന യോഗങ്ങൾ, വാർഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ശാക്തീകരണം, പ്രത്യേക ഗ്രാമസഭകൾ, ആരോഗ്യ സേനാ രൂപീകരണം, ശുചിത്വമാപ്പിംഗ്, വാർഡ്തല, പഞ്ചായത്ത്തല കർമ്മപദ്ധതികൾ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ രോഗപ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ, പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധ യജ്ഞങ്ങൾ, പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പരിശോധനകളും തുടർനടപടികളും എന്നിങ്ങനെ ഓരോ പ്രവർത്തനവും സമയബന്ധിതമായി ഈ വർഷവും നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി, മന്തുരോഗം, കാല അസർ, കുഷ്ഠരോഗം തുടങ്ങിയവ 2020 – 2025 ഓടെ നിവാരണം ചെയ്യാനുള്ള നടപടികളും നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.പ്രത്യേക പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക, പാരിസ്ഥിതിക ഘടങ്ങളെ നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും, ഏജൻസി കളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യ ജാഗ്രത’ നടത്തി വരുന്നത്. താഴെ തട്ടിൽ വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ആരോഗ്യ സേന, ഗൃഹ/സ്ഥാപനതല സന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും, കാമ്പയിനുകളും നടപ്പിലാക്കുന്നു.
മഴക്കാലപൂർവ്വ ശുചീകരണം, കൊതുകു നിരീക്ഷണം, കൊതുകിന്റെ ഉറവിട നശീകരണം ഉൾപ്പെടെയുള്ള കൊതുകു നിയന്ത്രണം, ജലസ്‌ത്രോതസുകളുടെ ക്ലോറിനേഷൻ, രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊർജ്ജിത നിയന്ത്രണം, ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പാക്കി വരുന്നത്. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ 25,000 രൂപയും, കോർപ്പറേഷൻ 35,000 രൂപയും വാർഡ്തലത്തിൽ അനുവദനീയമാണ്.