തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യ വകുപ്പ്. യഥാസമയം കുത്തിവയ്പ്പ് എടുക്കാത്തത് ഡിഫ്തീരിയ (തൊണ്ടമുള്ള്), അഞ്ചാംപനി, വില്ലന്‍ചുമല മുണ്ടിനീര് തുടങ്ങിയവയ്ക്കു കാരണമാകുമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നിറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത 325 കുട്ടികളുമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു. കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് രോഗ സാധ്യതയുണ്ട്.
ജില്ലയില്‍ ഈ വര്‍ഷം രണ്ടു പേര്‍ക്കു ഡിഫ്തീരിയയും 216 പേര്‍ക്ക് അഞ്ചാംപനിയും 11 പേര്‍ക്ക് വില്ലന്‍ചുമയും 51 പേര്‍ക്ക് മുണ്ടിനീരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിഫ്തീരിയ ബാധിച്ച് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി സുഖംപ്രാപിച്ചുവരുന്നു. ഈ കുട്ടി പ്രതിരോധ കുത്തിവയ്പ്പുകള്‍ ഭാഗികമായി മാത്രമേ എടുത്തിട്ടുള്ളൂ.
ഏതെങ്കിലും കാരണത്താല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് കുത്തിവയ്പ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പ്പുകള്‍ സൗജന്യമായി ലഭിക്കും. പ്രതിരോധ കുത്തിവയ്പ്പുകള്‍ രേഖപ്പെടുത്തിയ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.