കേരളത്തിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു- ആരോഗ്യമന്ത്രി

87

തിരുവനന്തപുരം : ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെത്തിയ ഒരു മെഡിക്കൽ വിദ്യാർത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലുള്ള ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. തൃശൂർ മെഡിക്കൽ കോളേജിനെ കൂടുതൽ ശക്തിപ്പെടുത്തും.

തൃശ്ശൂരിൽ മന്ത്രിയുടെ നേതൃ ത്വത്തിൽ ഇന്ന് (31) യോഗം ചേരും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച സാമ്പിളിന്റെ ആർ. റ്റി. പി. സി ടെസ്റ്റിന്റെ ഫലത്തിലാണ് കൊറോണ വൈറസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ട്. റിപ്പോർട്ട് ലഭിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നി വർ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം കേരളത്തെ അറിയിച്ചത്. കേരളത്തിൽ 20 സാമ്പിളുകളാണ് വൈറോളജി ലാബിൽ അയച്ചത്. അതിൽ നിന്നാണ് ഒരെണ്ണം പോസിറ്റീവായി വന്നത്. ഭയപ്പെടേണ്ട സാഹചര്യ മില്ലെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 806 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ പത്ത് പേർ മാത്രമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

എൻ.ഐ.വി. ആലപ്പുഴ ഉൾപ്പെടെ ഇന്ത്യയിൽ 12 സ്ഥലങ്ങളിൽ കൊറോണ വൈറസ് പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ലാബിൽ എത്രയും വേഗം ഇതിനുള്ള സജ്ജീകരണമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇരുപതിലേറെ രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തും കൊറോണ ബാധിച്ചത് ചൈനയിൽ നിന്നുള്ള യാത്രികരിൽ നിന്നുമാണ്. സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങളില്ലെങ്കിലും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഇടപെടരുത്.

ചൈന മുതലായ രാജ്യങ്ങളിൽ നിന്നും വന്നവർ വളരെയേറെ ശ്രദ്ധിക്കണം. ചൈനയിൽ നിന്നുള്ളവർ കേരളത്തി ലെത്തിയാൽ ഉടൻ അടുത്തുള്ള ആശുപത്രികളിലെ ദിശ ഹെൽപ് ലൈൻ നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ചിലർ സ്വമേധയാ റിപ്പോർട്ട് ചെയ്‌തെങ്കിലും ചിലർ ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയും അഭ്യർത്ഥിച്ചുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിലോ ജില്ലാ മെഡിക്കൽ ഓഫീസറേയോ റിപ്പോർട്ട് ചെയ്യണം. നിപ പോലെ കൊറോണയിലും സമ്പർക്ക ലിസ്റ്റ് ഏറെ പ്രധാനമാണ്. എല്ലാവരും വീട്ടിലെ സ്വയം നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങൾ ഇല്ലാതേയും കൊറോണ പകരാം. അതിനാൽ ആരും വീടുവിട്ട് പോകരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് കൊറോണ വൈറസിനുമുള്ളത്. പനി, ചുമ, ശ്വാസ തടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗിയെ നടപടി ക്രമങ്ങൾ പാലിച്ച് പരിശോധിക്കുകയും സാമ്പിൾ എടുത്ത് വൈറോളജി ലാബിൽ അയക്കുകയും വേണം.

ഒരാൾ പോലും കൊറോണ ബാധിച്ച് മരണമടയാൻ പാടില്ല. പ്രായമായവർ, ഹൃദയ സംബന്ധ രോഗികൾ, ഗർഭിണി കൾ, മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്ക് ഗുരുതരമാകാൻ സാധ്യതയുണ്ട്. കൊറോണയെ നേരി ടാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു. സ്ഥിരീകരിച്ച കേസിൽ സമ്പർക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. രോഗിയുമായി അടുത്തിടപഴകിയവർ സ്വമേധയാ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൊറോ ണയ്ക്ക് അനുബന്ധ ചികിത്സയാണ് നൽകുന്നത്. ചിലർക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ. ചൈനയിൽ നിന്നും തിരിച്ചെത്തിയവർ 28 ദിവസം നിർബന്ധമായും നിരീക്ഷണ വിധേയമാകണം. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പൊതുപരിപാടികളിൽ പോകരുത്. വ്യാജ പ്രചരണങ്ങൾ നടത്തുന്ന വർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS