തിരുവനന്തപുരം : രോഗപ്രതിരോധത്തിലൂന്നി രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള അവസ്ഥ സൃഷ്ടിക്കാനാണ് ജനകീയ സഹകരണ ത്തോടെ സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ആർദ്രം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ആരോഗ്യരംഗം ലോകത്തിന് മാതൃകയാണ്. പൊതുജനാരോഗ്യസമ്പ്രദായത്തിലെ ഈ ബദൽ ലോകമാകെ അംഗീകരി ച്ചതാണ്. നവകേരള സങ്കൽപ്പത്തിൽ ആരോഗ്യമുള്ള ജനത പ്രധാന ഘടകമാണ്. അതൊരു വികസനസങ്കൽപ മായി കരുതിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. സാമ്പത്തികപരിമിതികൾക്കിടയിലും ആരോഗ്യ പ്രവർ ത്തനങ്ങൾക്ക് കൂടുതൽ നടപടികൾ സ്വീകരിക്കുന്നതും അതുകൊണ്ടാണ്.
വ്യത്യസ്ത വകുപ്പുകളുടെ ഏകോപനത്തോടെ ഈ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകൂടി ആരോഗ്യമികവിന് പ്രയോജനപ്പെടുത്തിയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. രോഗപ്രതിരോധം ഉറപ്പാ ക്കാൻ എല്ലാ വകുപ്പുകളും കൂട്ടായ ജനകീയ പ്രവർത്തനമാണ് നടത്തുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിരോധ മുറപ്പാക്കാൻ മാലിന്യനിർമാജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നുണ്ട്. നാട്ടിൽ ആരോഗ്യ മുള്ള ജനതയുണ്ടായാൽ മറ്റ് വികസനങ്ങൾ ഒപ്പം ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തുണ്ടാകുന്ന മാറ്റങ്ങൾക്ക് തുടർപ്രവർത്തനമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ മാത്രമല്ല, വിവിധ വകുപ്പു കളുടെ ഏകോപനത്തോടെയാണ് മിഷൻ വിജയകരമായി നടപ്പാക്കുന്നത്. ഇപ്പോൾ മാറ്റത്തിന്റെ കാലമാണ്. ഭാവിയിൽ ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ ഈ പ്രവർത്തനങ്ങളിലൂടെ കുറയും. ആർദ്രം ഇപ്പോൾ തന്നെ ജനകീയമായാണ് മുന്നേറുന്നത്. വാർഡ് തല സാനിറ്റേഷൻ ഉൾപ്പെടെയുള്ള തുടർപദ്ധതികളുമായാണ് ജനകീയ കാമ്പയിൻ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആർദ്രം ജനകീയ ക്യാമ്പയിന്റെ ലോഗോ പ്രകാശനവും മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ലോഗോ രൂപകൽപന ചെയ്ത പയ്യന്നൂർ അൽഫോൺസ സെൻട്രൽ സ്‌കൂൾ വിദ്യാർഥി നടയ്ക്കൽ ഭദ്രന് 25000 രൂപയുടെ ക്യാഷ് പ്രൈസും മൊമെന്റോയും പ്രശസ്തിപത്രവും മന്ത്രി സമ്മാനിച്ചു.
ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.നവകേരള കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, മുഖ്യമന്ത്രിയുടെ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. പി. വിശ്വംഭരപ്പണിക്കർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഘോബ്രഗഡേ, ആയുഷ് സെക്രട്ടറി ഡോ: ഷർമിള മേരി ജോസഫ്, ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. നവ്ജോത് ഘോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണ ത്തോടെയാണ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന ജനകീയ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരായ ശക്തമായ മുന്നേറ്റമാകും ജനകീയ കാമ്പയിൻ. ആർദ്രം മിഷന്റെ ഭാഗമായി സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി ആശുപത്രികളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി വരികയാണ്. ഇതുകൂടാതെ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളർത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവർത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിർമാർജനവും എന്നീ പ്രവർത്തനങ്ങൾക്കും കൂടുതൽ ആർദ്രം ജനകീയ കാമ്പയിനിലൂടെ ഊന്നൽ നൽകുന്നു.