തിരുവനന്തപുരം: പുകയില ഉത്പ്പന്ന പായ്ക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിബന്ധന നടപ്പാക്കിയതോടെ 205 രാജ്യങ്ങളുടെ ആഗോള റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതെത്തി. കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി (സിസിഎസ്) ഇന്ന് പുറത്തിറക്കിയ സിഗററ്റ് പാക്കേജ് ഹെല്‍ത്ത് വാര്‍ണിംഗ്‌സ് ഇന്റര്‍നാഷണല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം 2014ലെ 136-ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ മുന്നേറ്റം നടത്തിയിരിക്കുന്നത്. കാനഡയില്‍ കാന്‍സര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ സിസിഎസിന്റെ റിപ്പോര്‍ട്ട് പരമ്പരയിലെ അഞ്ചാമത്തേതാണിത്. ഡല്‍ഹിയില്‍ നടക്കുന്ന ലോകാരോഗ്യ സംഘടന ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാക്കോ കണ്‍ട്രോളിന്റെ (എഫ്‌സിടിസി) ഏഴാമത് സഹകാരികളുടെ യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
105ഓളം രാജ്യങ്ങള്‍ സചിത്ര മുന്നറിയിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ അന്തിമതീരുമാനം എടുത്തുകഴിഞ്ഞു. പുകയില ഉത്പ്പന്ന പായ്‌ക്കേജുകളുടെ ഇരുവശത്തും 90 ശതമാനം സചിത്ര മുന്നറിയിപ്പുമായി നേപ്പാളാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുവശത്തും 85 ശതമാനം സചിത്ര മുന്നറിയിപ്പുള്ള തായ്‌ലന്‍ഡിനൊപ്പം ഇന്ത്യ മൂന്നാംസ്ഥാനം പങ്കിടുന്നു. വലിയ സചിത്ര മുന്നറിയിപ്പുകളുടെ പ്രായോഗികതയെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മുന്നറിയിപ്പുകള്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കുകയാണ്. ദിവസം ഒരു പായ്ക്കറ്റ് ഉപയോഗിക്കുന്നയാള്‍ പ്രതിദിനം 20 തവണയും വര്‍ഷം 7300 തവണയും പായ്ക്കറ്റ് എടുക്കുകയും മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരും ഈ മുന്നറിയിപ്പുകള്‍ കാണുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കേരളസമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള വ്യക്തികള്‍ ഈ ഉദ്യമത്തെ പൂര്‍ണ്ണമനസോടെ രാജ്യത്തെ മറ്റുള്ളവരോടൊപ്പം പിന്തുണച്ചതായി ടുബാക്കോ ഫ്രീ കേരള ചെയര്‍മാന്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സാംക്രമികേതര രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി എല്ലാത്തരം പുകയില ഉത്പ്പന്നങ്ങളുടെ ഉപഭോഗത്തില്‍നിന്നും പിന്തിരിപ്പിക്കുക എന്നതായിരിക്കണം കൂട്ടായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നാല് രാജ്യങ്ങളില്‍ ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാതെ പാക്കേജിംഗ് നിര്‍ബന്ധമാക്കിയതും, 14 രാജ്യങ്ങള്‍ ഈ തീരുമാനം പരിഗണിക്കുന്നതും ചൂണ്ടിക്കാട്ടി ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാതെയുള്ള പാക്കേജിംഗിലേക്ക് ആഗോളതലത്തില്‍ നീക്കം നടക്കുന്നതായും സിസിഎസ് റിപ്പോര്‍ട്ട് പറയുന്നു. 2012ല്‍ ഓസ്‌ട്രേലിയയാണ് ഈ പാക്കേജിംഗ് ആദ്യമായി നടപ്പിലാക്കിയത്. അത്തരം പാക്കേജിംഗില്‍ ബ്രാന്‍ഡ് നിറങ്ങള്‍, ലോഗോ, ഡിസൈന്‍ ഘടകങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. നിര്‍ദിഷ്ട രൂപത്തിലും രീതിയിലും വസ്തുക്കളുപയോഗിച്ചും മാത്രമേ പാക്കേജിംഗ് പാടുള്ളു. ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാതെയുള്ള പാക്കേജിംഗ് സംവിധാനത്തില്‍ ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരും.