ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായി ; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതൽ

45

പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരിൽ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാർ. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഒറ്റക്കെട്ടായി കരുതലൊരുക്കിയത്. ചിറ്റൂർ താലൂക്കാശുപത്രി യിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവർത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെ യും ജീവൻ രക്ഷിച്ച ആരോഗ്യ പ്രവർത്തകരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം നേരത്തേയും രാജ്യശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. അതിലൊന്ന് കേരളത്തിലെ തന്നെ കക്കോടിയും. 2022ൽ കായകൽപ്പ് അവാർഡ്, കാഷ് അക്രഡിറ്റേഷൻ, എൻക്യൂഎഎസ്, ഐഎസ്ഒ സർട്ടിഫിക്കേഷൻ തുടങ്ങിയ അംഗീകാരങ്ങൾ നേടിയ സ്ഥാപനം കൂടിയാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം.

കർണാടക സ്വദേശിയായ 26കാരിയ്ക്കാണ് ആരോഗ്യ പ്രവർത്തകർ തുണയായത്. ഗർഭിണിയായപ്പോൾ കർണാടകയിലാണ് രജിസ്റ്റർ ചെയ്തത്. തോട്ടം ജോലിയ്ക്കായാണ് പാലക്കാട് അനുപ്പൂരിലെത്തിയത്. തുടർപരിചരണത്തിനായി അവർ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യവതിയായ ഗർഭിണിയ്ക്ക് ഈ മാസം 24നായിരുന്നു പ്രസവ തീയതി. ആശ പ്രവർത്തക, അങ്കണവാടി പ്രവർത്തക, ജെപിഎച്ച്എൻ എന്നിവർ ഇവരെ കൃത്യമായി മോണിറ്റർ ചെയ്തു.

പ്രസവം കർണാടകയിൽ വച്ച് നടത്താനായി നാട്ടിൽ പോകാൻ ഇരുന്നതാണ്. അതിനിടയ്ക്ക് കഴിഞ്ഞ ദിവസം രാവിലെ തൊഴിലിടത്തിൽ വച്ച് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു. തൊഴിലിടത്തെ സൂപ്പർവൈസർ ഇക്കാര്യം ആശാ പ്രവർത്തകയെ അറിയിച്ചു. വിവരമറിഞ്ഞ് ഉടനെത്തിയ ആശാ പ്രവർത്തക കാണുന്നത് പൊക്കിൾകൊടി ബന്ധം വേർപെടുത്താൻ കഴിയാതെ നിസ്സഹായാവസ്ഥയിലുള്ള അമ്മയെയും കുഞ്ഞിനെയുമാണ്. ഉടൻ തന്നെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തെ വിവരമറിയിച്ചു.

മെഡിക്കൽ ഓഫീസർ കനിവ് 108 ആംബുലൻസ് വിളിച്ച് വേണ്ട സജ്ജീകരണങ്ങളൊരുക്കി. ഉടൻതന്നെ കുടുംബാരോഗ്യ കേന്ദ്രത്തിലു ണ്ടായിരുന്ന സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, ജെഎച്ച്ഐ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. തൊട്ടു പിന്നാലെ മെഡിക്കൽ ഓഫീസറും പബ്ലിക് ഹെൽത്ത് നഴ്സും സ്ഥലത്തെത്തി. പൊക്കിൾക്കൊടി വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും കനിവ് 108 ആംബുലൻസിൽ ചിറ്റൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ജെപിഎച്ച്എൻ, ആശാ പ്രവർത്തക, അങ്കണവാടി വർക്കർ എന്നിവർ വൈകുന്നേരം വരെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട സൗകര്യങ്ങൾ നൽകി. പ്രസവിച്ച യുവതിയുടെ ആത്മധൈര്യം നിലനിർത്താൻ അവരുടെ ഭാഷ അനായാസം കൈകാര്യം ചെയ്ത എംഎൽഎസ്പിയിലൂടെ സാധിച്ചു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കിരൺ രാജീവ്, പബ്ലിക് ഹെൽത്ത് നഴ്സ് ഹാജിറ, സ്റ്റാഫ് നഴ്സ് ലാവണ്യ, എംഎൽഎസ്പി അനിഷ, ജെഎച്ച്ഐ സ്റ്റാൻലി, ജെപിഎച്ച്എൻ സൗമ്യ, ആശാ പ്രവർത്തക ജ്യോതിപ്രിയ, അങ്കണവാടി വർക്കർ സുശീല, കനിവ് 108 ജീവനക്കാർ എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്.

NO COMMENTS

LEAVE A REPLY