കേരളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യും: സെനെഡിൽ വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി

19

കേരളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരെ വെയിൽസ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോർഗൻ. വെയിൽസ് പാർലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി താൻ നടത്തിയ ചർച്ചകൾ എലുനെഡ് മോർഗൻ സെനെഡിനെ ധരിപ്പിച്ചു. ഈ ചർച്ചകളെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും സെനഡിനെ അറിയിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സെനെഡിൽ വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശമനുസരിച്ചാണ് ഇരു മന്ത്രിമാരും വെയിൽസ് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

ഇന്ത്യാ ഗവർമെന്റിന്റെ അനുമതിയോടെ കേരളവുമായി സഹകരണം ഉണ്ടാക്കാൻ പോകുകയാണെന്നും അതുവഴി കേരളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാകുമെന്നും എലുനെഡ് മോർഗൻ പറഞ്ഞു. ഇതിലൂടെ യോഗ്യതയുള്ള, ഉയർന്ന നിലവാരമുള്ള വിദ്യാർത്ഥികളെ നേരിട്ട് ലഭിക്കാനുള്ള വഴി തെളിയും. അവരെ പരിശീലിപ്പിക്കുന്നതിലും അയയ്ക്കുന്നതിലും കേരളം സന്തോഷം അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരെ ഏറ്റെടുക്കുന്നതിന് ചില പദ്ധതികൾ നിലവിലുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും എലുനെഡ് മോർഗൻ പറഞ്ഞു.

NO COMMENTS