മുംബൈ: കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴയാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും ലഭിക്കുന്നത്. പശ്ചിമ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാത്രിവരെ പെയ്തത് 361 മില്ലീമീറ്റര്‍ മഴയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മാത്രം 100 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്.
റോഡുകളിലും റെയില്‍ പാളങ്ങളിലും വെള്ളം നിറഞ്ഞതിനേ തുടര്‍ന്ന് വാഹന- റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. അഴുക്കൂചാലുകള്‍ വെള്ളം നിറഞ്ഞതാണ് റോഡുകള്‍ വെള്ളത്തില്‍ മുങ്ങാന്‍ കാരണം. ഇതേതുടര്‍ന്ന് ഗതാഗത തടസ്സം തുടര്‍ക്കഥയായി.
മഴ കനത്തതിനെ തുടര്‍ന്ന് മുംബൈ- അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിന്റെ സര്‍വീസ് യാത്രക്കാരുടെ സുരക്ഷയെ കരുതി താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ തങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി.
സിയണ്‍,ദാദര്‍, കിങ് സര്‍ക്കിള്‍, ബാന്ദ്ര തുടങ്ങി മുംബൈയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമായതിനാല്‍ തിരക്കേറിയ അന്ധേരി സബ്‌വെ അടച്ചു. ഇവിടെ നിന്ന് മോട്ടോര്‍ പമ്ബ് ഉപയോഗിച്ച് വെള്ളം പുറത്തുകളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മരം പിഴുതുവീണും ഷോര്‍ട്ട് സര്‍ക്യൂട്ട് മുലവുമുള്ള അപകടങ്ങള്‍ മുംബൈയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ പരിക്കേറ്റ് നിരവധി ആളുകള്‍ ചികിത്സ തേടുന്നുണ്ട്.