ശക്തമായ മഴയ്ക്കു സാധ്യത; ജില്ലയിൽ ഓഗസ്റ്റ് 07, 08, 10, 11 തീയതികളിൽ യെല്ലോ അലേർട്ട്

13

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻ നിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും (ഓഗസ്റ്റ് 07, 08) 10, 11 തീയതികളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.

ശക്തമായ മഴയെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ അധികൃതരോടു സഹകരിക്കണമെന്നു കളക്ടർ പറഞ്ഞു. തീര പ്രദേശത്തു കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെക്കരുതി മാറിത്താമസിക്കാൻ തയാറാകണം.

സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽനിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകട സാഹചര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ട സ്ഥിതിയുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

NO COMMENTS