തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്കും തമിഴ്നാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്.
ഇന്നലെ രണ്ട് മണിക്കൂറിനിടെ പത്തനംതിട്ടയില്‍ 210 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇവിടെ ലഘുമേഘ വിസ്ഫോടനമുണ്ടായ സാദ്ധ്യതയും വിഗ്ദ്ധര്‍ തള്ളിക്കളയുന്നില്ല. കോഴഞ്ചേരി കൊട്ടതട്ടി മലയില്‍ ഉരുള്‍പ്പൊട്ടി.
ചെന്നീര്‍ക്കരയിലും ഉരുള്‍പ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷിനാശമുണ്ടായി. പത്തനംതിട്ട- തിരുവല്ല പാതയിലും, പുനലൂര്‍- മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാര്‍, കൂടല്‍ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുഴിലിക്കോട് ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
ഇന്നലെ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സന്നിധാനത്തും കാനന മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിലെ കുമളി- മൂന്നാര്‍ പാതയില്‍ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
കുമളി തൂക്കുപാലത്തിന് സമീപത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഭാഗത്തും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു.