കനത്ത മഴയിലും പ്രളയ ദുരിതത്തിലും മുങ്ങി ആസാം – മരിച്ചവരുടെ എണ്ണം ഏഴായി.

190

ഗുവാഹട്ടി: 15 ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലാണ്. ശനിയാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. സംസ്ഥാനത്ത് 25 ജില്ലകളില്‍ പ്രളയത്തിന്റെ ദുരിതം അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്. കസിരംഗ ദേശീയ ഉദ്യാനത്തിന്റെ 70 ശതമാനവും പ്രളയമെടുത്തു കഴിഞ്ഞു. മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രളയം കാര്‍ഷിക രംഗത്തെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. 27,000 ഹെക്ടറിലധികം കൃഷിസ്ഥലം ഇതിനകം നശിച്ച്‌ കഴിഞ്ഞു. അതിനിടെ മസ്തിഷ്ക ജ്വരം പടരുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. വരുന്ന മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത ക്യാംപുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രളയത്തെ നേരിടാന്‍ കേന്ദ്രം ആസാമിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവരെ 68 ദുരിതാശ്വാസ ക്യാംപുകളിലായി 20,000ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പ്രളയം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ബാര്‍പേട്ട ജില്ലയെ ആണ്. ഇവിടെ നിന്നും 5 ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂറും സംസ്ഥാനത്ത് കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ആസാം അടക്കമുളള സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താന്‍ അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.

ബ്രഹ്മപുത്ര അടക്കം സംസ്ഥാനത്തെ പത്ത് നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇടതടവില്ലാതെ സഹായത്തിന് വേണ്ടിയുളള അഭ്യര്‍ത്ഥനകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

NO COMMENTS