ഷിംല: കനത്ത മഴയയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ രണ്ട് നേപ്പാളികള്‍ ഉള്‍പ്പടെ 24 പേര്‍ മരിച്ചു. മണാലി-കുളു ദേശീയ പാത തകര്‍ന്നതിനെ തുടര്‍ന്ന് കുളുവില്‍ രണ്ട് ദിവസമായി കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള സഞ്ചാരികളെ ഞാറാഴ്ച്ച രക്ഷപ്പെടുത്തി. മരം വീണും, ഒഴുക്കില്‍പ്പെട്ടും വീടുകള്‍ തകര്‍ന്നും മരിച്ചവരുണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 68 റോഡുകളിലാണ് ഹിമാചലില്‍ ഗതാഗത തടസ്സമുള്ളത്.
കല്‍ക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളും ചണ്ഡിഗഡ്-മനാലി ഹൈവേയിലെ ഗതാഗതവും തടസ്സപ്പെട്ടു. ഷിംല, സോളന്‍, കുളു, ബിലാസ്പൂര്‍ ജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായി. ഉത്തരാക്ഷി ജില്ലയിലെ മോറി ബ്ലോക്കില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഡെറാഡൂണ്‍ ജില്ലയില്‍ കാര്‍ നദിയില്‍ വീണ് ഒരു സ്ത്രീയേയും കാണാതായിട്ടുണ്ട്.
പഞ്ചാബില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. അയല്‍രാജ്യമായ ഹരിയാനയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ യമുന നദിയിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ദില്ലി സര്‍ക്കാര്‍ നഗരത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ തമിഴ്നാട്ടിലുടനീളം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരളം, കര്‍ണാടക, ആന്ധ്രയുടെ തീരദേശ ജില്ലകള്‍, തെലങ്കാന എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചെറു ന്യൂനമര്‍ദമാണു മഴയ്ക്കു കാരണം. ബെംഗളൂരുവിലും കര്‍ണാടകയിലെ തീരദേശ ജില്ലകളിലും ഇന്നു കനത്ത മഴ പ്രതീക്ഷിക്കുന്നു.