കനത്ത മഴ മാറി – സംസ്ഥാനം സാധാരണ നിലയിലേക്ക് – വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നു കാലാവസ്ഥ പ്രവചനം.

116
An Indian woman holds an umbrella as she walks through a road during a rain in Hyderabad, India, Monday, June 3, 2019. India receives its monsoon rains from June to September. (AP Photo/Mahesh Kumar A.)

തിരുവനന്തപുരം : കനത്ത മഴ മാറിയതോടെ സംസ്ഥാനം സാധാരണ നിലയിലേയ്ക്കാകുന്നു. പലയിടത്തും വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു തുടങ്ങി. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഇത് പത്തു ദിവസം വരെ നീളാനും സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

വന്‍ മേഘാവരണം കേരളതീരത്തുനിന്നും മാറിയതോടെ മാനം തെളിഞ്ഞു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. കടല്‍ പൊതുവെ ശാന്തമാണ്. ഇതേത്തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്.

ആഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടെയാണ് സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞത്.

NO COMMENTS