ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശം – കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം

19

കാസറഗോഡ് : ജില്ലയില്‍ മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം. കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മധൂര്‍ വില്ലേജിലെ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരനാണ് (37) വയലില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചത്. ഞായറാഴ്ച (സെപ്റ്റംബര്‍ 20) രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഹോസ്ദുര്‍ഗ് താലൂക്കില്‍ ചെറുവത്തൂര്‍ വില്ലേജില്‍ മയിച്ച കോളായി സുധന്‍ (50) ആണ് കാലവര്‍ഷക്കെടുതില്‍ മരണപ്പെട്ട മറ്റൊരാള്‍. മയിച്ച പാലത്തറയിലെ വെള്ളക്കെട്ടില്‍ വീണ് ഇന്ന് ( സെപ്റ്റംബര്‍ 21) ആണ് മരിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് മധൂര്‍ വില്ലേജിലെ ഏഴ് കുടുംബങ്ങളെയും പടഌയിലെ മൂന്ന് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.

മഴ കനത്തതിനെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കില്‍ ഫെലിക്‌സ് ഡിസൂസയുടെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. കനത്തമഴയില്‍ കൊഡ്‌ല മെഗറൂവിലെ അബ്ദുള്‍ അസീസ്, ബന്തടുക്ക വില്ലേജിലെ ബേത്തലം രാമകൃഷ്ണന്‍, കുംബഡാജെ വില്ലേജിലെ ഉപ്പഗളമൂലയിലെ ലക്ഷ്മി നാരായണ ഭട്ട്, കോട്ടിക്കുളം വില്ലേജിലെ മാളിക വളപ്പില്‍ കാര്‍ത്ത്യായനി, പിലിക്കോട് വില്ലേജിലെ മുളിക്കാല്‍ ചിരി എന്നിവരുടെ വീടും ഭാഗീകമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ കാസര്‍കോട് അടുക്കത്ത് ബയല്‍ ബീച്ചില്‍ സത്യനാരായണ മഠത്തിന് സമീപം 12 വീടുകള്‍ക്ക് നാശം സംഭവിച്ചു. പിലിക്കോട് വില്ലേജില്‍ മാലിയത്ത് റോഡില്‍ ഓവുചാല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ 60 ഓളം വീടുകളില്‍ വെള്ളം കയറി. മടിക്കൈ വില്ലേജില്‍ ബന്തലംകുന്ന് കുമാരന്റെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ താഴ്ന്ന് പോയി.

കാസര്‍കോട് കടപ്പുറത്ത് ഇന്ന് (സെപ്റ്റംബര്‍ 21) രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ നാല് വീടുകളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും എട്ട് വീടുകളുടേത് ഭാഗികമായും ഒരു വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. അപകടാവസ്ഥയിലായ വീടുകളിലുള്ളവര്‍ക്ക് ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

244.64 ഹെക്ടര്‍ കൃഷി നശിച്ചു

സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ ജില്ലയിലുണ്ടായ കനത്ത മഴയില്‍ 360.39 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. 204 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 85 തെങ്ങുകളും 65 കവുങ്ങുകളും നശിച്ചു. സെപ്റ്റംബര്‍ 20 ന് മാത്രം 310.22 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായത്. 244.64 ഹെക്ടര്‍ കൃഷി നശിച്ചു

NO COMMENTS