തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അഞ്ചാം ക്ലാസുകാരിയായ സ്വന്തം മകളെ അച്ഛൻ പീഡിപ്പിച്ചു . പോക്സോ നിയമ പ്രകാരം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളം പീഡന വിവരം മറച്ചുവെച്ച കുട്ടി ഒടുവില്‍ സ്കൂള്‍ അധികൃതരോടാണ് വിവരം തുറന്ന് പറഞ്ഞത്.
അച്ഛന്റെ സുഹൃത്തുക്കളടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. അവര്‍ ആരാണെന്ന് കുട്ടിക്ക് അറിയില്ല. കുട്ടി പറയുന്ന സൂചനകള്‍ അനുസരിച്ച് അച്ഛന്റെ ചില സുഹൃത്തുക്കളെയും പോലീസ് തിരയുകയാണ്. സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത കുട്ടിയുടെ അമ്മയേയും ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും എതിര്‍ത്താല്‍ കൂടുതല്‍ ഉപദ്രവിക്കുമായിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം പിതാവിന്റെ ഉപദ്രവത്തെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
കുറച്ച് നാളുകളായി കുട്ടി അസ്വസ്ഥയായിരുന്നുവെന്നും പലപ്പോഴും കത്തിയും മറ്റും എടുത്ത് വീടിന് പുറത്തേയ്ക്ക് ഓടാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.കുട്ടിയുടെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം തുറന്ന് പറയുന്നത്. അധ്യാപകര്‍ ശിശുക്ഷേമ സമിതിയെ അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.