തിരുവനന്തപുരം : സംസ്ഥാനത്ത് 8 മുതൽ 12 വരെ ക്ലാസുകളിൽ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന്റെ തുടർച്ചയായി ഒന്നു മുതൽ ഏഴു വരെയുള്ള പ്രൈമറി- അപ്പർപ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപടികളാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 55086 ലാപ്‌ടോപ്പുകൾക്കും 55086 യു.എസ്.ബി സ്പീക്കറുകൾക്കും 23170 മൾട്ടിമീഡിയ പ്രോജെക്ടറുകൾക്കുമുള്ള ഇ-ടെൻഡർ പുറത്തിറക്കി. 292 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചിട്ടുള്ള പദ്ധതിയിൽ സർക്കാർ – എയ്ഡഡ് മേഖലയിലെ 9941 സ്‌കൂളുകൾ ഉൾപ്പെട്ടിട്ടുണ്ട്. 9941 സ്‌കൂളുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകുന്നുണ്ട്. 3248 എൽ.ഇ.ഡി ടെലിവിഷനുകൾക്കും, 5644 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾക്കും ഉള്ള ടെണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.
എട്ടുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിൽ പൂർത്തിയാക്കിയ ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി 59772 ലാപ്‌ടോപ്പുകളും, 43422 പ്രൊജക്ടറുകളും, 42739 സ്പീക്കറുകളും, 4578 ഡി.എസ്.എൽ.ആർ ക്യാമറകളും, 4206 42” ടെലിവിഷനുകളും, 4576 വെബ്ക്യാമും ഉൾപ്പെടെ മൂന്നു ലക്ഷത്തിലധികം ഉപകരണങ്ങൾ സ്‌കൂളുകളിൽ വിന്യസിച്ചുകഴിഞ്ഞു. 4751 സ്‌കൂളുകളിൽ അഞ്ചുവർഷത്തേക്ക് അതിവേഗ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തി.
8.89 ലക്ഷം സൂക്ഷ്മാസൂത്രണങ്ങൾ ഉൾപ്പെടുന്ന ‘സമഗ്ര’ വിഭവ പോർട്ടൽ, 1.2 ലക്ഷം കുട്ടികൾ അംഗങ്ങളായ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബുകൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നിലവിൽ വന്നു. വിന്യസിച്ച മൂന്നു ലക്ഷം ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തി. കേരളത്തിലെ ഏറ്റവും വലിയ ഐടി ടെണ്ടർ ആയിരുന്നു ഇത്. ലാപ്‌ടോപ്പിന്റെ ബാറ്ററി, പർ അഡാപ്റ്റർ, പ്രൊജക്ടറിന്റെ ബൾബ് തുടങ്ങിയവയ്ക്ക് ഉൾപ്പെടെ അഞ്ചുവർഷ വാറണ്ടി ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ടെണ്ടറും ഇതായിരുന്നു.
പുതിയ ടെൻഡറിലും ഹൈടെക് പദ്ധതിയുടെ അതേ മാതൃകയിൽ എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും പരാതികൾ പരിഹരിക്കാനായി പോർട്ടലും, കോൾസെന്ററും വിഭാവനം ചെയ്തിട്ടുണ്ടെന്നും ജൂൺ ആദ്യവാരം പ്രൈമറി സ്‌കൂളുകളും ഹൈടെക് ആകുമെന്നും കൈറ്റ് വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അൻവർ സാദത്ത് അറിയിച്ചു.