കൊച്ചി: വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് വിജിലന്‍സിന്‍റെ അരാജകത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അഴിമതി നിരോധന നിയമത്തിന്‍റെ ചട്ടക്കൂടിലായിരിക്കണം വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടതെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് പരാതി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും എന്നാല്‍ ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും കോടതി പറഞ്ഞു. അഴിമതി കേസുകള്‍ വരുമ്പോള്‍ റേറ്റിംഗിന് വേണ്ടി മാത്രം ചാനലുകള്‍ ഫ്‌ളാഷ് ന്യുസുകള്‍ നല്‍കുകയാണെന്നും കോടതി വിമര്‍ശിച്ചു. സംസ്ഥാനത്ത് അഴിമതി കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം വിജിലന്‍സിനു മാത്രമല്ലെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. ശങ്കര്‍ റെഡ്ഡിയുടെ നിയമനം, ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് വിജിലന്‍സ് നിയമനം. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം അനിവാര്യമാണ്. ആരെങ്കിലും പരാതി നല്‍കിയാല്‍ അത് പരിഗണിച്ച് കേസെടുക്കാന്‍ വിജിലന്‍സ് കോടതികള്‍ ഉത്തരവിടുന്നു. പരാതി നല്‍കിയവരുടെ പശ്ചാത്തലം കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.