കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയുന്നത് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്‍കിയ പ്രോസിക്യൂഷന്‍ ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. കേസിലെ മൂന്നാംപ്രതി ശക്തിവേലിന്റെ അറസ്റ്റിന് പിന്നാലെ മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജിതമായി ശ്രമിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതിയും നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിന്റെ ഭാര്യ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്ത നടപടിയെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേല്‍, പ്രവീണ്‍, ദിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്നുച്ചയ്ക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നാലും അഞ്ചും പ്രതികള്‍ കസ്റ്റഡിയില്‍ ഇല്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നലെ തമിഴ്നാട്ടില്‍ നിന്നുമാണ് കേസിലെ മൂന്നാംപ്രതി എന്‍.ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തത്.