കണ്ണൂര്‍ കരുണ, മെഡിക്കല്‍ കോളേജുകളില്‍ സ്പോട് അഡ്മിഷന്‍ നടത്തണം-ഹൈക്കോടതി

187

കൊച്ചി: സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെക്കാത്ത കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ ഒക്ടോബര്‍ ഏഴിനുതന്നെ സ്പോട് അഡ്മിഷന്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രവേശനം റദ്ദാക്കിയ നടപടിക്കെതിരെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.പ്രവേശന നടപടി സുതാര്യമല്ലെന്ന് കണ്ട് ജെയിംസ് കമ്മിറ്റി ഇവിടെയുള്ള ഇതുവരെയുള്ള പ്രവേശനങ്ങളെല്ലാം റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചരുന്നത്. ജെയിംസ് കമ്മിറ്റി റദ്ദാക്കിയ പ്രവേശന നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള അവസാന തീയതി ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.പ്രവേശന നടപടി അവസാനിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണമാവരുത്. പ്രവേശന നടപടിക്ക് എന്‍ട്രന്‍സ് കമ്മിഷണര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണം. റാങ്ക്പട്ടിക പൂര്‍ണമായും നീറ്റ് പട്ടികയില്‍ നിന്നുമാവണം.ഇക്കാര്യം പ്രവേശന കമ്മിഷണര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കരുണ മെഡിക്കല്‍ കോളജിലെ 100 സീറ്റിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റിലേക്കുമാണ് പ്രവേശനം നടത്തേണ്ടത്.
രണ്ട് കോളേജുകളിലേക്കുമായി പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ക്കും, അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും, അപേക്ഷ നിരസിച്ചതിന്റെ പേരിലോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യം ലഭ്യമാകാതിരുന്നതിന്റെ പേരിലോ പ്രവേശന മേല്‍നോട്ട സമിതിയ്ക്ക് പരാതി നല്‍കിയവര്‍ക്കുമാണ് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ കഴിയുക.
ഇതിനായി നാളെ തിരുവനന്തപുരത്ത് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ അപേക്ഷ നിരസിക്കപ്പെട്ടവരും ഇത് സംബന്ധിച്ച പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളവരും സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി അഡ്മിഷനില്‍ പങ്കെടുക്കണം.
എന്നാല്‍ നേരത്തെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ സ്പോട്ട് അഡ്മിഷനില്‍ എത്തേണ്ടതില്ല. പകരം സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും മാനേജ്മെന്റ് പ്രതിനിധികള്‍ ഹാജരാക്കിയാല്‍ മതി. പക്ഷെ അഡ്മിഷന്‍ നിരസിക്കപ്പെട്ടവരും പരാതിയുള്ളവരും നേരിട്ട് ഹാജരാവണം.

NO COMMENTS

LEAVE A REPLY