ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കണമെന്ന ഭര്‍ത്താവ് ശശി തരൂര്‍ എം.പിയുടെ ആവശ്യത്തില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് ഡല്‍ഹി കോടതി. ട്വിറ്ററിനോട് വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ സുനന്ദാ പുഷ്‌കറിന്റെ മരണം അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിനോട് നോട്ടീസിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടു.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു.
മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യം ചെയ്തിരുന്നു.സുനന്ദയുടെ മരണത്തിനെക്കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് ശശി തരൂരിന്റെ വാദം. ജൂലായ് 15ന് കേസ് വീണ്ടും പരിഗണിക്കും.