ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതോടെ സര്‍ട്ടിഫിക്കറ്റുകള്‍ ക്ലിയര്‍ ചെയ്യാന്‍ കര്‍ണാടകയിലെ വാഹന ഉടമകള്‍. ഗതാഗത വകുപ്പ് തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ 5 ലക്ഷത്തിലധികം വാഹന ഉടമകള്‍ എമിഷന്‍ ടെസ്റ്റിംഗ് സെന്ററില്‍ (ഇടിസി) നിന്ന് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കേറ്റ് നേടി.
ആഗസ്റ്റ് അവസാനത്തിനും സെപ്റ്റംബര്‍ രണ്ടാം വാരത്തിനും ഇടയില്‍ സംസ്ഥാനത്തെ പിയുസി സര്‍ട്ടിഫിക്കറ്റ് ഉടമകളുടെ എണ്ണം 2,35,246 ല്‍ നിന്ന് 7,77,717 ആയി ഉയര്‍ന്നു. പുതിയ പിഴകള്‍ പ്രഖ്യാപിച്ചതിനുശേഷം ആളുകള്‍ പി.യു.സികള്‍ ലഭിക്കാന്‍ വലിയ തോതില്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്, ഇ-ഗവേണന്‍സ്) ശിവരാജ് പാട്ടീല്‍ സ്ഥിരീകരിച്ചു.
പുതിയ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) ആക്റ്റ്, 2019 പ്രകാരം എമിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കാത്തവരില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കും. ഇത്രയും വലിയ തുക പിഴ നല്‍കുന്നത് ഒഴിവാക്കാനായി ബെംഗളുരുവിലെ 385 എമിഷന്‍ ടെസ്റ്റിംഗ് സെന്ററുകളിലും വാഹനമോടിക്കുന്നവരുടെ തിരക്കാണ്. പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ ആറുമാസത്തിലുമാണ് പുതുക്കേണ്ടത്.
നേരത്തെ പ്രതിദിനം 30-40 വാഹനങ്ങള്‍ മാത്രമുണ്ടായിരുന്ന എമിഷന്‍ ടെസ്റ്റിംഗ് സെന്ററുകളില്‍ ഇപ്പോള്‍ 150ഓളം വാഹനങ്ങള്‍ അണിനിരക്കുന്നുണ്ട്. അവയില്‍ പലതും വര്‍ഷങ്ങളായി ക്ലിയറന്‍സ് നടത്താത്തവയാണെന്ന് കര്‍ണാടക എമിഷന്‍ ടെസ്റ്റിംഗ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് യോഗേഷ് പറയുന്നു. കെആര്‍പുരത്തിലെ ഏറ്റവും വലിയ ശാഖ ഉള്‍പ്പെടെ ബെംഗളൂരുവില്‍ ഒമ്ബത് ശാഖകളുള്ള ഗ്രീന്‍സിറ്റി എമിഷന്‍ ടെസ്റ്റിംഗ് സെന്റര്‍ നടത്തുന്നത് യോഗേഷ് ആണ്.
നിലവിലെ ആവശ്യത്തെത്തുടര്‍ന്ന് കെആര്‍ പുരത്തെ സെന്റര്‍ 24 മണിക്കൂറും തുറന്നിടുന്നുണ്ട്. മറ്റ് മിക്ക ടെസ്റ്റിംഗ് സെന്ററുകളും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്നു. അതേസമയം 80 ലക്ഷത്തിലധികം വാഹനങ്ങള്‍ ഉള്ള നഗരത്തില്‍ 385 ഇടിസികള്‍ മാത്രമാണ് എമിഷന്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തിലെ ഇടിസികളെല്ലാം തന്നെ ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ പലരും ക്യൂവിലാണെന്നും യോഗേഷ് കൂട്ടിച്ചേര്‍ത്തു.
ഇരുചക്ര വാഹനത്തിന് 50 രൂപയും ത്രീ വീലറിന് 60 രൂപയും നാലുചക്ര വാഹനത്തിന് 90 രൂപയും എല്ലാത്തരം ഡീസല്‍ വാഹനങ്ങള്‍ക്കും 125 രൂപയുമാണ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഇടിസികളില്‍ കാണിക്കുന്ന ആളുകളുടെ തിരക്ക് ഇപ്പോള്‍ കുറയുമെന്നും പിയുസികള്‍ ഓരോ ആറുമാസത്തിലും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.