തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര വിവരശേഖരണത്തിന‌് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഒരുങ്ങുന്നു. മേഖലയിലെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍വേയ‌്ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ‌്ഫോം തയ്യാറാകുന്നതായി കൗണ്‍സില്‍ മെമ്ബര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ‌് പറഞ്ഞു.
മേഖലയിലെ സര്‍ക്കാര്‍, എയ‌്ഡഡ‌്, സര്‍ക്കാര്‍ നിയന്ത്രിത, സ്വാശ്രയ മേഖലകളിലായി രണ്ടായിരത്തോളം സ്ഥാപനമുണ്ട‌്. എന്നാല്‍, ഇവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല. ഭൗതിക സൗകര്യം, വിദ്യാര്‍ഥികളുടെ എണ്ണം, അധ്യാപക അനുപാതം, അക്കാദമിക‌് നിലവാരം, കോഴ‌്സുകളുടെ അഫിലിയേഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
കൗണ്‍സില്‍ തയ്യാറാക്കിയ സോഫ‌്റ്റ‌്‌വെയര്‍ പരീക്ഷണ പ്രവര്‍ത്തനത്തിലാണ‌്. മാര്‍ച്ച‌് ആദ്യം സര്‍വേ ആരംഭിക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സര്‍വേ മാനദണ്ഡമാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നിശ്ചിത ദിവസത്തിനകം അപ‌്‌ലോഡ‌് ചെയ്യണം. സംസ്ഥാനത്തിനു പുറത്തുള്ള പല സര്‍വകലാശാലകളുടെയും സെന്ററുകളെന്ന പേരില്‍ നടത്തുന്ന സ്ഥാപനങ്ങളും പരിധിയില്‍വരും.
സര്‍ക്കാര്‍ ആരംഭിക്കുന്ന സ‌്റ്റേറ്റ‌് അക്രഡിറ്റേഷന്‍ കൗണ്‍സിലിന‌് സഹായകരമായ വിവരങ്ങള്‍ സര്‍വേയുടെ ഭാഗമായി ലഭിക്കും. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ‌്കരിക്കാന്‍ കഴിയുമെന്നതാണ‌് പ്രത്യേകത.