വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ജൂലൈ 17ന് അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ പ്രവേശനം നേടിയവർക്കും വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാനാകില്ല.
നിലവിലുളള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.inൽ ജൂലൈ 17ന് രാവിലെ ഒൻപത് മണിക്ക് പ്രസിദ്ധീകരിക്കും. ഈ വേക്കൻസിയുളള പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുളള അപേക്ഷ പ്രിൻസിപ്പാളിന് 17ന് വൈകിട്ട് നാല് മണിക്കുളളിൽ സമർപ്പിക്കണം. ഇത്തരത്തിൽ സ്വീകരിക്കുന്ന അപേക്ഷകൾ പ്രിൻസിപ്പൽമാർ ഓൺലൈനായി അപ്ലോഡ് ചെയ്യണം. ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാവൂ. പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഈ അപേക്ഷയിൽ ഓപ്ഷനായി ഉൾപ്പെടുത്താം. മാതൃകാഫോറം വെബ്സൈറ്റിൽ ലഭ്യമാണ്.
സ്കൂളുകളിൽ നിന്നും അപ്ലോഡ് ചെയ്യപ്പെട്ട അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്സൈറ്റിൽ ജൂലൈ 18ന് രാവിലെ ഒമ്പത് മണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്കൂൾ/കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ജൂലൈ 18 ന് രാവിലെ പത്ത് മണിമുതൽ 12 മണിക്കു മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെ അസൽ രേഖകളും ഫീസുമായി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം.
വിദ്യാർത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ ഉറപ്പാക്കി വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ ജൂലൈ 18ന് 12 മണിക്ക് ശേഷം ഒരു മണിക്കുളളിൽ പ്രവേശനം പൂർത്തിയാക്കണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.