സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കാതെ ഖത്തറില്‍നിന്ന് 10 ലക്ഷം ഡോളര്‍ സ്വീകരിച്ചെന്ന് ക്ലിന്റന്‍ ഫൗണ്ടേഷന്‍

175

ന്യൂയോര്‍ക്ക്• ഹിലറി ക്ലിന്റന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കാതെ ഖത്തറില്‍നിന്നു 10 ലക്ഷം ഡോളര്‍ (ഏകദേശം 6.71 കോടി രൂപ) സ്വീകരിച്ചതായി ക്ലിന്റന്‍ ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു. 2011ല്‍ യുഎസ് മുന്‍ പ്രസിഡന്റും ഹിലറിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റന്റെ 65-ാം ജന്മദിന സമ്മാനമെന്ന നിലയിലാണു ഖത്തര്‍ പണം വാഗ്‍ദാനം ചെയ്തത്. ചെക്ക് ക്ലിന്റനു നേരിട്ടു നല്‍കാന്‍ പിറ്റേവര്‍ഷം അനുമതി തേടുകയും ചെയ്തു. ഹിലറി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷന്‍ ജോണ്‍ പൊഡസ്തയ്ക്കു ക്ലിന്റന്‍ ഫൗണ്ടേഷന്‍ നല്‍കിയ ഇ മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്. ഇതടക്കം പൊഡസ്തയ്ക്കു ലഭിച്ച നൂറുകണക്കിന് ഇ മെയിലുകള്‍ കഴിഞ്ഞ മാസം വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചതോടെയാണു സംഭാവന വിവാദമായത്. 2009 ലാണു ഹിലറി സ്റ്റേറ്റ് സെക്രട്ടറിയായത്. ക്ലിന്റന്‍ ഫൗണ്ടേഷനു ലഭിച്ചുകൊണ്ടിരിക്കുന്ന വിദേശ സംഭാവനകളില്‍ കാര്യമായ വര്‍ധന വരുകയോ പുതിയതു സ്വീകരിക്കുകയോ ചെയ്യുമ്ബോള്‍ വിവരങ്ങള്‍ യഥാസമയം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനു കൈമാറണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍, ഖത്തറിന്റെ 10 ലക്ഷം ഡോളര്‍ സ്വീകരിച്ചതു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിച്ചിരുന്നില്ല. സംഭാവനയുടെ കാര്യം വിക്കിലീക്സ് പുറത്തുവിട്ടപ്പോള്‍ പ്രതികരിക്കാന്‍ വിസ്സമ്മതിച്ച ക്ലിന്റന്‍ ഫൗണ്ടേഷന്‍, പണം വാങ്ങിയെന്നതു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

NO COMMENTS

LEAVE A REPLY