തലസ്ഥാനത്തെ ആദ്യ ഹിന്ദ്‌ലാബ്‌സ് ആരോഗ്യമന്ത്രി 7ന് ഉദ്ഘാടനം ചെയ്യും

250

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ്‌ലാബ്‌സ് ഡയഗ്നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ചടങ്ങില്‍ പുതുതായാരംഭിക്കുന്ന വാക്‌സിന്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ടാക്‌സി- ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുള്ള സൗജന്യ കാര്‍ഡുകളുടെ വിതരണവും ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് പരിസരത്ത് ഓടുന്ന ഓട്ടോറിക്ഷാ-ടാക്‌സികളുടെ ഡ്രൈവര്‍മാര്‍ക്ക് രക്തപരിശോധന സൗജന്യമായി ലഭ്യമാക്കുന്നതിനാണ് കാര്‍ഡുകള്‍ നല്‍കുന്നത്.

ചടങ്ങില്‍ ആധ്യക്ഷം വഹിക്കുന്ന ദേവസ്വം-വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്‌പെഷ്യാലിറ്റി ഒ.പി ക്ലിനിക്കും ശശി തരൂര്‍ എംപി ടെലി റേഡിയോളജി ഹബ്ബും കെ.മുരളീധരന്‍ എംഎല്‍എ ഹിന്ദ് ലാബ്‌സ് ഫാര്‍മസിയും നഗരസഭ പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സുരേഷ് സാറ്റലൈറ്റ് ബ്ലഡ് കളക്ഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യും. എച്ച്.എല്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍.പി.ഖണ്‌ഡേല്‍വാല്‍ ഹിന്ദ്‌ലാബ്‌സ് പ്രവര്‍ത്തനം വിശദീകരിക്കും. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ.ബാബു തോമസ് സ്വാഗതവും ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇ.എ.സുബ്രഹ്മണ്യന്‍ നന്ദിയും പറയും.

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുമണി വരെയും വിദഗ്ധഡോക്ടര്‍മാരുടെ കീഴില്‍ ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഇഎന്‍ടി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, ഓഫ്താല്‍മോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ക്ലിനിക്കുകളുള്ളത്.
ഹിന്ദ് ലാബ്‌സിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ സ്വകാര്യ ലാബുകളെക്കാള്‍ 30 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ നടത്താം. വാക്‌സിനേഷന്‍ സെന്ററില്‍ സര്‍ക്കാരിന്റെ സാര്‍വത്രിക പ്രതിരോധ പദ്ധതിയുട ഭാഗമായി കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമാക്കും. വാക്‌സിനേഷന്‍ സെന്ററില്‍ പെന്റാവാലന്റ് വാക്‌സിന്‍, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍, ടെറ്റനസ് ടോക്‌സോയ്ഡ് വാക്‌സിന്‍, റേബീസ് വാക്‌സിന്‍ എന്നിവ തുടക്കത്തില്‍ ലഭ്യമാക്കും. ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ സ്വകാര്യമേഖലക്കു നല്‍കിയ ശുപാര്‍ശകള്‍ക്കനുസൃതമായാണിത്. പരിചയ സമ്പന്നരായ ശിശുരോഗ വിദഗ്ധന്‍, നഴ്‌സുമാര്‍ എന്നിവരുടെ സേവനവും ഇവിടെ ലഭ്യമാണ്.

ഹിന്ദ് ലാബ്‌സിലെ റേഡിയോളജി റിപ്പോര്‍ട്ടിംഗ് ഹബ്ബില്‍ വിദഗ്ധരായ റേഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ടെലി റേഡിയോളജി സര്‍വീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ഈ സംവിധാനം ലഭ്യമാക്കിയ സ്ഥാപനങ്ങളിലൊന്നായ ഹിന്ദ്‌ലാബ്‌സിനെ പൊതു, സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖ ആശുപത്രികളടക്കം നിരവധി സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നുണ്ട്. ഹിന്ദ്‌ലാബ്‌സില്‍ നടത്തുന്ന റേഡിയോളജി പരിശോധനാഫലം വിദൂരകേന്ദ്രങ്ങളിലെ വിദഗ്ധര്‍ക്കും തത്സമയം പരിശോധിക്കാന്‍ കഴിയും.

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് 20 ഹോം ബ്ലഡ് കളക്ഷന്‍ സെന്ററുകളും സാറ്റലൈറ്റ് ലാബുകളും മൂന്നുമാസത്തിനകം സജ്ജീകരിച്ച് ഹിന്ദ്‌ലാബ്‌സിന്റെ സേവനം വ്യാപിപ്പിക്കും. സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ചെക്കപ്പ്, ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ്, ചൈല്‍ഡ് ഹെല്‍ത്ത് ചെക്കപ്പ് തുടങ്ങിയ ആരോഗ്യ പരിശോധനാ പാക്കേജുകളും ലഭ്യമാണ്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃത്യതയും ഗുണനിലവാരമുള്ളതുമായ സേവനം ഉറപ്പാക്കുന്നതിലുടെ സ്വകാര്യമേഖലയുടെ ചൂഷണം തടയുകയും ഉന്നത നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുകയും കാലതാമസമില്ലാതെ സ്‌കാനിംഗ്, ലാബ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുകയുമാണ് ഹിന്ദ് ലാബ്‌സിന്റെ ലക്ഷ്യമെന്ന് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY